ആദ്യം നിങ്ങള്‍ നിങ്ങളുടെ സിനിമയിലെ ഓവര്‍ ആക്ടിംഗ് കുറയ്ക്കൂ…പിന്നെ സോഷ്യല്‍ മീഡിയയിലെ ഓവര്‍ റിയാക്ടിംഗും ! സോനം കപൂറിന് വിവേക് ഒബ്‌റോയിയുടെ മറുപടി ഇങ്ങനെ…

മുംബൈ:ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോള്‍ ട്വിറ്ററില്‍ പങ്കുവച്ചതിനെ വിമര്‍ശിച്ച സോനം കപൂറിന് മറുപടിയുമായി വിവേക് ഒബ്‌റോയ്. സ്വന്തം സിനിമയില്‍ ഓവര്‍ ആക്ട് ചെയ്ത് ചെയ്ത് മുന്നോട്ട് പോയ്‌ക്കൊളു എന്ന് ഒബ്‌റോയി പരിഹസിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കുറച്ച് ഓവര്‍ ആക്ട് ചെയ്യു, സോഷ്യല്‍മീഡിയയില്‍ ഓവര്‍ റിയാക്ടിങും കുറയ്ക്കൂ . 10 വര്‍ഷമായി വനിതാ ശാക്തീകരണത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആരുടേയും വികാരം വ്രണപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നില്ല,’ ഒബ്‌റോയി പറഞ്ഞു.

വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വര്‍ഗരഹിതവുമാണെന്നായിരുന്നു സോനം കപൂര്‍ ട്വീറ്റ് ചെയ്തത്. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്‌റോയ് പങ്കുവച്ചത്.സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ ‘ഒപീനിയന്‍ പോള്‍’ എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ അമ്പരപ്പിച്ച പ്രണയമായിരുന്നു ഇരുവരുടേയും.

പിന്നീട് സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ പ്രണയത്തിലായി. ഐശ്വര്യയും വിവേക് ഒബ്‌റോയിയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ ‘എക്‌സിറ്റ് പോള്‍’ എന്നാണ് മീമില്‍ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവില്‍ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മില്‍ വിവാഹിതരാകുകയുമായിരുന്നു. മകള്‍ ആരാധ്യയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ ചിത്രത്തില്‍ ‘തെരഞ്ഞെടുപ്പ് ഫലം’ എന്നാണ് കുറിച്ചത്. ഇതിനെതിരേ നിരവധി ആളുകള്‍ രംഗത്തു വന്നതോടെ വിവേക് മാപ്പു പറയുകയും ചെയ്തിരുന്നു.

Related posts