ലൂസിഫര്‍ ചിത്രത്തെ സ്വീകരിച്ചതുപേലെ മലയാളികള്‍ പി.എം.നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രത്തെയും സ്വീകരിക്കുമെന്ന് കരുതുന്നതായി ബോളിവുഡ് നടന് വിവേക് ഒബ്റോയി. നരേന്ദ്രമോദിയുടെ കഥ പറയുന്ന ചിത്രത്തില്‍ മോദിയായി വേഷമിട്ടിരിക്കുന്നത് വിവേക് ഒബ്റോയിയാണ്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയതായിരുന്നു താരം. ഒമുങ് കുമറാണ് ചിത്രത്തിന്റെ സംവിധായകന്. ‘പി.എം.നരേന്ദ്രമോദി കൊച്ചിയില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ചിത്രമാണിത്.
ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയില്‍ ചിത്രത്തെ സമീപിക്കണം. കേരളീയര്‍ക്ക് അത് സാധിക്കും. ലൂസിഫറിനെയും ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തെയും ഏറെ ഇഷ്ടപ്പെട്ടവരാണ് അവര്‍. ഈ ചിത്രത്തെയും അതുപോലെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. പി.എം.നരേന്ദ്രമോദിയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ കുറിച്ചു ആഴത്തില്‍ പഠിക്കുവാന്‍ സാധിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെന്ന നേതാവ് ഉയര്‍ന്നുവന്ന വഴികളെ കുറിച്ചറിയുവാനും കഴിഞ്ഞുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ താരം പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുണ്ടായ ഗംഭീര തിരഞ്ഞെടുപ്പ് വിജയവും സുസ്ഥിരഭരണത്തിലേക്കുള്ള ചുവടുവയ്പും ഏറെ ആഹ്ളാദവും അഭിമാനവും നല്‍കുന്നുവെന്ന് ബി.ആര്.എസ് വെഞ്ച്വേഴ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി.ആര്. ഷെട്ടി പറഞ്ഞു.