നടന് വിവേകിന്റെ വിയോഗം ആരാധകര്‍ക്ക് തീരാനഷ്ടമാണ്. എന്നും എല്ലാവരെയും സന്തോഷിപ്പിച്ചിരുന്ന ആ നല്ല മനുഷ്യന് ഇനിയില്ലെന്ന് വിശ്വസിക്കാനായിട്ടില്ല ആരാധകര്‍ക്ക്.
നല്ല സന്ദേശങ്ങള്‍ നിറഞ്ഞ നടന്റെ ഹാസ്യരംഗങ്ങളും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും.
സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പ്രചോദനം നല്കുന്ന കുറിപ്പുകള്‍ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
‘ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും, പലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു’, എന്നാണ് തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ വിവേക് മരിച്ചാലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ജീവിക്കുമെന്നാണ് ആരാധകര്‍ കുറിക്കുന്നത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് അവിടെ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.