തൃശൂർ: കുട്ടികളിൽ പടരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം അവരുടെ മാനസികനില തെറ്റിക്കുന്ന തരത്തിലേക്ക് മാറുന്നതിന്റെയും അവർ അക്രമങ്ങളുടെ വഴികളിലേക്ക് തിരിയുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ വിവേകോദയം സ്കൂൾ വെടിവയ്പ്.
ആളുകളെ അപായപ്പെടുത്താൻ കഴിയുന്ന ആയുധമായിരുന്നില്ല ജഗൻ എന്ന പൂർവിദ്യാർഥിയുടെ കയ്യിലുണ്ടായിരുന്നതെന്നും ഇയാൾ മാനസികരോഗത്തിന് ചികിത്സ തേടുന്നയാളാണെന്നുമൊക്കെ പോലീസ് പറയുന്നുണ്ടെങ്കിലും കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം വലിയ ആപത്താണെന്നും സൂക്ഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പാണ് നൽകുന്നത്.
സ്കൂൾ വിദ്യാർഥികൾ കഞ്ചാവിനും മയക്കുമരുന്നിനും സിന്തറ്റിക് ഡ്രഗുകൾക്കും അടിമകളാകുന്നതും അതു കിട്ടാതെ വരുന്പോൾ അക്രമാസക്തരാകുന്നതും പണത്തിനായി ഏത് ആക്രമണത്തിനും മുതിരുന്നതും പുതുമയില്ലാത്ത സംഭവങ്ങളാണ്.
ഇതെല്ലാം ഉപയോഗിച്ച് സമനില തെറ്റുന്പോൾ പഴയ കണക്കുകളും വൈരാഗ്യങ്ങളും തീർക്കാനായി ആയുധമെടുത്ത് ഇറങ്ങുന്ന ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളും പുതുമ നഷ്ടപ്പെട്ട കാഴ്ചകളാണ്.
എന്നാൽ ലഹരി ഉപയോഗത്തിന്റെ അനന്തരഫലമായി മനോനില തെറ്റിയവർ വലിയ ദുരന്തങ്ങൾ സൃഷ്ടിക്കാൻ തുനിയുന്നുവെന്നത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.
കേരളത്തിൽ സ്കൂളിൽ തോക്കു ചൂണ്ടൽ ആദ്യമാണെങ്കിലും ഭാവിയിൽ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം ഇതുപോലുള്ള ആക്രമണങ്ങളായിരിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ അക്രമികൾ സ്കൂളുകളിൽ വെടിവെപ്പ് നടത്തുന്നത് ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും കേരളത്തിൽ തോക്കുമായെത്തി സ്കൂളിൽ കയറി അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയും ചെയ്ത സംഭവം ഇതാദ്യമായിരുന്നു.
വെടിവെപ്പ് ഉണ്ടായെങ്കിലും ആർക്കും അപകടം ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.ആർക്കും അപകടമുണ്ടാക്കാൻ കഴിയാത്ത എയർ പിസ്റ്റളായതു കൊണ്ടാണ് അത്യാഹിതം ഒഴിവായത്.
ഇത്തരമൊരു കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ വിദേശങ്ങളിൽ മാത്രം കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ മാനസികാവസ്ഥയിലുള്ളവർ ഇവിടെയും എത്തി എന്നത് ഭീഷണി സൃഷ്ടിക്കുന്ന കാര്യമാണെന്ന് പോലീസ് സൂചിപ്പിക്കുന്നു.
കൂടുതൽ ജാഗ്രത പുലർത്തേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ലഹരി സുബോധം നഷ്ടപ്പെടുന്ന വിദ്യാർത്ഥികൾ അപകടകരമായ അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നു എന്നാണ് വിവേകോദയം വെടിവെപ്പ് കാണിച്ചുതരുന്നത്.
വട്ടുഗുളിക കിട്ടാൻ ഭീഷണിപ്പെടുത്തൽ
ഡി എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു ഗുളിക ലഹരിമരുന്നായി ഉപയോഗിക്കുന്ന ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും ഏറെയാണ്. ഉറക്കമില്ലായ്മക്കെതിരെ ഉറക്കമരുന്നായി ഈ ഡി ഗുളിക ഉപയോഗിക്കാറുണ്ട്.
എന്നാൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുണ്ടെങ്കിലേ ഇത് നൽകാറുള്ളു. ഇതിന്റെ ചെറിയ ഒരു ഡോസ് തന്നെ നല്ല ഉറക്കം നൽകുമത്രെ. എന്നാൽ ലഹരിഗുളികയായി ഇതിനെ കണക്കാക്കി മൂന്നും നാലും ഗുളികകൾ ഒരുമിച്ച് കഴിക്കുന്നവരാണ്.
ഇങ്ങനെ ഉറക്കഗുളിക കൂടുതലായി കഴിക്കുന്പോൾ ഇവർ ഉറങ്ങിപ്പോവുകയല്ല മറിച്ച് വല്ലാത്തൊരു കിക്കിലേക്ക മാറുകയാണെന്ന് ഡോക്ടർമാരും പോലീസും വിശദീകരിക്കുന്നു. ഇവർ സുബോധം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുന്നു.
ഈ ഗുളിക മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ചെല്ലുന്പോൾ തരാൻ പറ്റില്ലെന്ന് മെഡിക്കൽ സ്റ്റോറുകാർ പറഞ്ഞാൽ അവരെ തല്ലുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി പ്രിസ്ക്രിപ്ഷനില്ലാതെ തന്നെ സ്റ്റഫ് തരപ്പെടുത്തുന്ന ഗുണ്ടാ-ക്വട്ടേഷൻ ടീമുകളിലുള്ളവരും വർധിച്ചിട്ടുണ്ട്.
സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നവരും കൂടിയിട്ടുണ്ട്. ഉപയോഗിച്ചുവെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള സിന്തറ്റിക് ഡ്രഗുകൾ വലിയ തോതിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും തൃശൂരിലെത്തുന്നുണ്ട്.
ജഗന് ചികിത്സ തുടരുന്നു…
തൃശൂർ : തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയ വിവേകോദയം വെടിവെപ്പു കേസിലെ പ്രതി ജഗന് ചികിത്സ തുടരുന്നു. മൂന്നുവർഷമായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ജഗനെ കഴിഞ്ഞ ദിവസം ജാമ്യത്തിൽ വിട്ട ശേഷം ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് മാനസികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. ജഗൻ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനാലു മാതാപിതാക്കളുടെ ആവശ്യപ്രകാരവുമാണ് ചികിത്സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
സ്വന്തം ലേഖകൻ