ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ ബയോടെക് സംരംഭകനും റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗവുമായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി (കാര്യക്ഷമതാ വകുപ്പ്) ചുമതല ടെസ്ല സിഇഒ ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയാറെടുക്കുന്നതിനാലാണു പിന്മാറ്റമെന്നാണു വിശദീകരണം.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇലോണ്‍ മസ്കിനൊപ്പം ഡോജ് എന്നറിയപ്പെടുന്ന കാര്യക്ഷമതാ ഉപദേശകസമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയെയും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ടുമാസത്തെ വിവേകിന്റെ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന വിവരം വൈറ്റ്ഹൗസ് വക്താവ് അറിയിച്ചത്. അതേസമയം, വിവേക് രാമസ്വാമിയുടെ ഡോജിലെ പ്രവര്‍ത്തന ശൈലിയിൽ ഇലോണ്‍ മസ്ക് സംതൃപ്തനായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ റോവിയന്റ് സയന്‍സസിന്റെ സ്ഥാപകനമാണ് വിവേക് രാമസ്വാമി.
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നുള്ള പിൻവാങ്ങൽ, സർക്കാർ നിയമനങ്ങൾ ഉടനടി മരവിപ്പിക്കൽ, ബൈഡൻ കാലഘട്ടത്തിലെ നിരവധി നടപടികൾ അസാധുവാക്കൽ, ട്രാൻസ്ജെൻഡറുകളെ തള്ളിപ്പറയൽ എന്നിവയുൾപ്പെടെയുള്ള സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ചുകൊണ്ടാണ് ഡൊണാൾഡ് ട്രംപ് രണ്ടാം ഘട്ടം ആരംഭിച്ചത്.