കോട്ടയം: ട്രെയിനിന്റെ എൻജിനിൽ പാന്പ് കയറിയതിനെ തുടർന്ന് കന്യാകുമാരിയിലേക്ക് പോയ വിവേക് എക്സ്പ്രസ് വൈക്കം റോഡിൽ രണ്ടുമണിക്കൂർ കുടുങ്ങി. ഇന്നു രാവിലെ ഏഴിനാണ് വൈക്കം റോഡിൽ വച്ച് ട്രെയിനിന്റെ എൻജിൻ നിലച്ചത്.
പരിശോധിച്ചപ്പോഴാണ് എൻജിൻ ഫാനിൽ പാന്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. പിന്നീട് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ എത്തി എൻജിന്റെ ചില ഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് പാന്പിനെ എടുത്തു മാറ്റിയത്. രാവിലെ ഏഴിന് എത്തിയ ട്രെയിൻ ഒൻപതു മണിക്ക് ശേഷമാണ് വൈക്കം റോഡിൽ നിന്ന് പുറപ്പെട്ടത്.
പാന്പ് കയറിയതിനെ തുടർന്ന് ഷോർട്ടാവുകയും ചെയ്തിരുന്നു. ഇതുമൂലം തകരാറിലായ എൻജിൻ മെക്കാനിക്കൽ വിഭാഗം എത്തിയാണ് പരിഹരിച്ചത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിലാണ് വിവേക് എക്സ്പ്രസ് ഓടുന്നത്.
ആസാമിലെ ദിബ്രുഗഡ് എന്ന സ്ഥലത്തു നിന്ന് കന്യാകുമാരി വരെ ഏകദേശം നാലായിരത്തിലധികം കിലോമീറ്ററാണ് ഈ ട്രെയിൻ താണ്ടുന്നത്. ആഴ്ചയിൽ ഒരു ദിവസമേയുള്ളു. ഇന്ന് ഈ ട്രെയിൻ ആറേകാൽ മണിക്കൂർ വൈകിയാണ് കോട്ടയത്ത് എത്തിയത്.