മുംബൈ: ഫോണിൽനിന്ന് പറന്നുയരുന്ന ഇത്തിരിക്കുഞ്ഞൻ കാമറ! സ്പൈ ത്രില്ലർ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം വിദ്യകൾ സമീപ ഭാവിയിൽ യാഥാർഥ്യമായേക്കുമെന്ന സൂചനകളാണ് സ്മാർട്ട്ഫോണ് വിപണിയിൽനിന്ന് കേൾക്കുന്നത്.
ചൈനീസ് സ്മാർട്ട്ഫോണ് നിർമാതാക്കളായ വിവോ ആണ് പറക്കും കാമറയുള്ള സ്മാർട്ട്ഫോണിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരിക്കുന്നത്.
പുതിയ സംരംഭത്തിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ കഴിഞ്ഞ വർഷം ഡിസംബറിൽ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിൽ വിവോ സമർപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
സ്മാർട്ട്ഫോണിന്റെ വശത്തുനിന്ന് വലിച്ചൂരിയെടുക്കാവുന്ന വിധമാണ് പറക്കും കാമറകൾ സജീകരിക്കുക. പറക്കുന്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ഇൻഫ്രാറെഡ് സെൻസറുകളും ഈ കാമറകളിലുണ്ടാവും.
ഇത്തരത്തിലുള്ള നാലു ഇത്തിരിക്കുഞ്ഞൻ കാമറകൾ സ്മാർട്ട്ഫോണിൽ ഘടിപ്പിക്കാവുന്ന വിധമാണ് പേറ്റന്റിനായുള്ള വിവോയുടെ അപേക്ഷയിലെ രൂപരേഖയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ചെറുചലനങ്ങളും മറ്റു ഒഴിവാക്കി മിഴിവുള്ള ചിത്രങ്ങളെടുക്കാൻ സഹായിക്കുന്ന ‘ജിംപൽ’ സംവിധാനമുള്ള സ്മാർട്ട്ഫോണും നേരത്തേ വിവോ അവതരിപ്പിച്ചിരുന്നു.