തൃശൂർ: വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലെ മറുപടി നൽകാൻ വൈകിയതിന് കോർപറേഷൻ ഒല്ലൂക്കര സോണൽ ഓഫീസിലെ സെക്രട്ടറി പി.എസ്.ശ്രീദേവിക്ക് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം.പോൾ രണ്ടായിരം രൂപ പിഴ ശിക്ഷ വിധിച്ചു.
മുല്ലക്കര കടവി വീട്ടിൽ ഷീബയുടെ ഭർത്താവ് ജോസ് മരണപ്പെട്ടതിനെ തുടർന്ന് വിധവ പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ നേർകാഴ്ച സമിതി സെക്രട്ടറി പി.ബി.സതീഷ് വിവരാവകാശ നിയമ പ്രകാരം ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ ചില വിവരങ്ങൾ നൽകുകയും ചില രേഖകൾ നൽകാതിരിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീൽ സമർപ്പിച്ചതോടെ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഫയൽ കണ്ടെത്തി.
സ്റ്റാഫിന്റെ അഭാവം, ജോലി ഭാരം, പരിചയക്കുറവ് തുടങ്ങിയ കാരണങ്ങളാലാണ് മറുപടി നൽകാൻ വൈകിയതെന്ന ഉദ്യോഗസ്ഥയുടെ വിശദീകരണം അംഗീകരിക്കാൻ കഴിയില്ലെന്ന കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. വിവരങ്ങൾ സമയബന്ധിതമായി നൽകാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും പിഴ തുക അടച്ചില്ലെങ്കിൽ ഉദ്യോഗസ്ഥയുടെ ശന്പളത്തിൽ നിന്ന് പിടിക്കാൻ ഓഫീസ് മേധാവി ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം ടിയാന്റെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് ഈടാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ നിർദ്ദേശിച്ചു.
വിധവാ പെൻഷനുവേണ്ടി വീട്ടമ്മയെ രണ്ടര വർഷത്തിനിടെ 13 തവണ നടത്തിച്ചിട്ടും ഫയൽ കാണാനില്ലന്ന് മറുപടി പറഞ്ഞ് പെൻഷൻ നിഷേധിച്ചതോടെയാണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്. ഇതോടെ ഫയൽ കണ്ടെത്തുകയും മുൻകാല പ്രാബല്യത്തോടെ തുക അനുവിച്ച് ഷീബയുടെ അക്കൗണ്ടിലേക്ക് ആദ്യഗഡു നൽകുകയും ചെയ്തു.