കണ്ണൂർ: യുപിഎ സർക്കാർ 2005ൽ നടപ്പാക്കിയ വിവരാവകാശ നിയമത്തിന്റെ അന്തസത്തയെയും പ്രാധാന്യത്തെയും ദുർബലപ്പെടുത്താനാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ലോക്സഭയിൽ പറഞ്ഞു. വിവരാവകാശ നിയമം പൊതുസമൂഹത്തിൽ വിപ്ലകരമായ മാറ്റമാണ് സൃഷ്ടിച്ചത്.
ചരിത്ര പ്രാധാന്യമുള്ളതും ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ഉറ്റുനോക്കുകയും ചെയ്തു പോരുന്ന നിയമമാണ് വിവരാവകാശ നിയമം. നിയമം പ്രാബല്യത്തിൽ വന്നതോടെ പൊതുജനങ്ങൾക്ക് അന്നു വരെ അപ്രാപ്യമായിരുന്ന വിവരങ്ങൾ പൊതുസമൂഹവുമായി പങ്കുവെക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരായി.
സർക്കാർ കാര്യങ്ങൾ സുതാര്യമായിരിക്കണമെന്നും ജനങ്ങളാണ് യഥാർഥ ഭരണാധികാരികളെന്നുമുള്ള യുപിഎ സർക്കാരിന്റെ കാഴ്ചപാടിൽ നിന്നാണ് വിവരാവകാശ നിയമം പിറന്നത്.പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം ഉറപ്പാക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തി ദുർബലപ്പെടുത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം. ശക്തമായ ഈ നിയമത്തെ ദുർബലപ്പെടുത്തിയാൽ അത് അഴിമതിക്കും കൃത്യവിലോപത്തിനും വഴിവെക്കുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.