
കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പോലീസ്.
തലയ്ക്കേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദന്പതികളുടെ മകൻ വിയാനിന്റെ (ഒന്നര) മൃതദേഹമാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ കടപ്പുറത്ത് പാറക്കെട്ടിനിടയിൽ കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിലാണുള്ളത്. അച്ഛന്റെയും അമ്മയുടെയും വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. വസ്ത്രങ്ങളിൽ കടൽവെള്ളത്തിന്റെ അംശം പറ്റിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
കുഞ്ഞിനെ ജീവനോടെ കടലിൽ എറിഞ്ഞതാണോ, കൊലപ്പെടുത്തിയശേഷം മൃതദേഹം കടലിൽ തള്ളിയതാണോ എന്ന് അന്വേഷണത്തിൽ വ്യക്തമാകണം.
കുഞ്ഞ് മാതാപിതാക്കളോടൊപ്പം കിടന്ന ബെഡ്ഷീറ്റ്, രാത്രി വെള്ളം കുടിച്ച പാൽകുപ്പി എന്നിവയിൽ അസ്വാഭാവികമായ അടയാളങ്ങളോ വസ്തുക്കളോ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് അച്ഛൻ പ്രണവ് ഇന്നലെ രാവിലെ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
നെറ്റിയിലും കൈയിലും മുറിവുകളുണ്ടായിരുന്നു. പുലർച്ചെ മൂന്നോടെ കുട്ടി കരഞ്ഞതിനെ തുടർന്ന് പാൽ നൽകിയിരുന്നതായി അമ്മ ശരണ്യ പോലീസിനോട് പറഞ്ഞു.
ആറരയോടെയാണ് കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിയുന്നതെന്നും പറയുന്നു. വീട്ടിൽ ദന്പതികളെ കൂടാതെ ശരണ്യയുടെ അമ്മ, സഹോദരന്റെ ഭാര്യ എന്നിവരാണ് ഉണ്ടായിരുന്നത്.
രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞ് ഇവരറിയാതെ എവിടേയും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യംമുതൽ അന്വേഷണ ഉദ്യോഗസ്ഥർ.
ഇതിനായി കുഞ്ഞിന്റെ മാതാപിതാക്കളെ രാത്രി വൈകിയും ചോദ്യംചെയ്തു. കൊലയ്ക്കു പിന്നിൽ ഭർത്താവാണെന്ന് ശരണ്യയും അല്ല ശരണ്യയാകാം കൊലപ്പെടുത്തിയതെന്ന് പ്രണവും പോലീസിനോടു പറഞ്ഞതായാണ് സൂചന.
ശരണ്യയുടെ പിതാവുമായി തെറ്റിയ പ്രണവ് പലപ്പോഴും ഭാര്യാവീട്ടിൽ വരാറില്ല. ഭാര്യാപിതാവ് മത്സ്യബന്ധനത്തിനായി കടലിൽപോകുന്ന സമയത്താണ് ഇയാൾ വീട്ടിൽ വരാറുള്ളത്.
വാരം സ്വദേശിയാണ് പ്രണവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.