തൃശൂർ: രണ്ടര വയസേയുള്ളുവെങ്കിലും വിയാൻ സാഗർ അക്ഷരാർത്ഥത്തിൽ വിജ്ഞാൻ സാഗറാണ്. ഈ കുഞ്ഞുപ്രായത്തിനുള്ളിൽ അവൻ നേടിയ അറിവിന് അംഗീകാരമായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2024ലെ ഐബിആർ അച്ചീവർ പുരസ്കാരം വിയാൻ സാഗറെ തേടിയെത്തുന്പോൾ അത് തൃശൂരിനും അഭിമാനമാകുന്നു.
തൃശൂർ കൈപ്പറന്പ് പുറ്റേക്കര സ്വദേശിയായ ചാലകത്ത് വീട്ടിൽ സാഗർ – കൃഷ്ണ ദന്പതികളുടെ മകനായ വിയാൻ സാഗർ ഇപ്പോൾ തൃശൂരിനു മാത്രമല്ല കേരളത്തിനാകെ അഭിമാനമായി മാറിയിരിക്കുന്നു.
വാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്ന പ്രായത്തിൽ വിയാൻ കണ്ടറിഞ്ഞു മനസിലാക്കി ഹൃദ്യസ്ഥമാക്കി പറയുന്നത് കേട്ടാൽ അത്ഭുതം തോന്നും.
11 തരം പ്രാണികൾ, 13 വാഹനങ്ങൾ ഒന്പതു തരം പഴങ്ങൾ, 32 മൃഗങ്ങൾ, 14 പക്ഷികൾ, ഏഴു രൂപങ്ങൾ, ഏഴു രാഷ്ട്രീയ നേതാക്കൾ, ശരീരത്തിലെ ഒന്പത് അവയവങ്ങൾ, ഒന്പതു ജലജീവികൾ, 18 ഭക്ഷ്യവസ്തുക്കൾ, ഒന്പത് ഉത്സവങ്ങൾ, ഏഴു ചിഹ്നങ്ങൾ, നാലു ഋതുക്കൾ എന്നിവയെല്ലാം വിയാൻ നിഷ്പ്രയാസം പറഞ്ഞു തരും.
കൂടാതെ പൊതുവിജ്ഞാനത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരവും വിയാന്റെ കയ്യിലുണ്ട്. ഇതിനെല്ലാം പുറമെ 40 ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പറയാനും വിയാനു കഴിയും.ഈ പ്രകടനങ്ങളുടെ മികവിലാണ് ഐബിആർ അച്ചീവർ വിയാനെ തേടിയെത്തിയത്.