സ്വന്തം ലേഖകൻ
തൃശൂർ: വിയ്യൂർ അതി സുരക്ഷ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്.
ഖുർആനിൽ ഒളിപ്പിച്ചാണ് സിം കടത്താൻ ശ്രമിച്ചത്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്കാണ് സിം നൽകാൻ ഇവർ ശ്രമിച്ചത്.
അതി സുരക്ഷ ജയിലിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ സുരക്ഷ ഉദ്യോഗസ്ഥരാണ് സിം കാർഡ് പിടിച്ചെടുത്തത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി.എസ്. സൈനുദ്ദീനാണ് സിം നൽകാൻ ശ്രമിച്ചത്.
ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. സൈനുദ്ദീന് നൽകാൻ കൈമാറിയ ഖുറാനിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. സിം അഡ്രസ് പരിശോധനയ്ക്കുശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുവെന്ന് സംശയം സിം കാർഡ് പിടിച്ചെടുത്തതോടെ കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്.
സിം കാർഡ് മാത്രമാണ് ഇപ്പോൾ കണ്ടെടുക്കാനായത്. ജയിലിൽ ഫോണുള്ളതിനാലാണ് സിം കൈമാറിയതെന്ന സംശയമുണ്ട്.
മുന്പ് വിയ്യൂർ സെൻട്രൽ ജയിലിൽ അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന യതീഷ്ചന്ദ്രയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി മൊബൈൽ ഫോണുകളും ചാർജറുകളും സിം കാർഡുകളും കണ്ടെടുത്തിരുന്നു.
കനത്ത സുരക്ഷ പരിശോധനകൾക്കൊടുവിൽ മാത്രമാണ് അതിസുരക്ഷ ജയിലിൽ സന്ദർശകരെ അനുവദിക്കാറുള്ളത്.
കോയന്പത്തൂർ കാർ സ്ഫോടനക്കേസിൽ വിയ്യൂർ അതിസുരക്ഷ ജയിലിൽ കഴിയുന്ന പലരും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നിരിക്കെ നിരോധിക്കപ്പെട്ട സംഘടനയുടെ മുൻ ഭാരവാഹിക്കു വേണ്ടി ജയിലിനകത്തേക്ക് സിം കാർഡ് കടത്താൻ ശ്രമിച്ചത് എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
വീട്ടുകാരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ആരുടെ നിർദേശ പ്രകാരമാണ് സിം കടത്തിയത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.