വിയ്യൂർ: ചപ്പാത്തിക്കും മുട്ടക്കറിക്കും തക്കാളിക്കറിക്കും ശേഷം വിയ്യൂർ ജയിലിൽ നിന്ന് കൊതിയൂറുന്ന പെപ്പർ ചിക്കനും വിപണിയിലേക്ക്. അന്പതു രൂപയാണ് പെപ്പർ ചിക്കന് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വി.എസ്.സുനിൽകുമാർ പെപ്പർചിക്കൻ കറി രുചിച്ചുനോക്കിയാണ് ലോഞ്ചിംഗ് നടത്തിയത്. ജയിലിലെ ചിക്കൻ ബിരിയാണിയും ചിക്കൻകറിയുമെല്ലാം ഇതിനോടകം ജനപ്രിയമായിക്കഴിഞ്ഞു.
വിവിധ ബേക്കറി ഉത്പന്നങ്ങളും പച്ചക്കറികളും കരകൗശല വസ്തുക്കളുമെല്ലാം ജയിലിൽ നിന്ന് വിപണിയിലെത്തിയിട്ടുണ്ട്. ജയിൽ അന്തേവാസികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം നേടാനും ഇത് സഹായകമായി. വിയ്യൂർ ജയി
ലിൽ നിന്ന് സർക്കാർ ഖജനാവിലേക്ക് ഇത്തരം ഉത്പന്നങ്ങളുടെ വിൽപന വഴി നല്ല വരുമാനവും ലഭിക്കുന്നുണ്ട്.
കേരളത്തിലെ ജയിലുകൾക്കെല്ലാം മാതൃകയാകുന്ന രീതിയിലാണ് വിയ്യൂർ ജയിൽ മികവിന്റെ കേന്ദ്രമായി മുന്നോട്ടുപോകുന്നത്.
പരന്പരാഗത തൊഴിൽ മേഖലകളിൽ നിന്ന് മാറി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി അതിൽ തടവുകാർക്ക് പരിശീലനം നൽകുന്നതിലാണ് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജയിലിന് പുറത്തിറങ്ങിയാൽ സ്വന്തം കാലിൽ നിൽക്കാൻ അന്തേവാസികളെ പ്രാപ്തരാക്കുന്നതിനും ഈ തൊഴിൽമേഖലകൾ സഹായകമാകും.
ജയിലിൽ നിർമിച്ച സോളാർ പാനലുകൾ ജയിലിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് കാരണമായി. ജയിലിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളിൽ വലിയൊരു ശതമാനം ഉത്പാദിപ്പിക്കുന്നതും ജയിലിൽ തന്നെയാണ്.
കരനെല്ല് കൃഷി, കോഴി, പന്നി, കാടപക്ഷി വളർത്തൽ, തടവുകാർക്ക് ആവശ്യമായ വസ്ത്രങ്ങൾ, പാത്രങ്ങൾ, ഫർണീച്ചറുകൾ എന്നിവയെല്ലാം ജയിലിനകത്ത് ഉത്പാദിപ്പിക്കുന്നുണ്ട്.
ജയിൽ ഡിഷ് വാഷ്, ഫിനോയിൽ, സോപ്പുപൊടി എന്നിവ വിപണിയിൽ നല്ല അഭിപ്രായം നേടിക്കഴിഞ്ഞു. ജയിൽ വരുമാനം വർധിച്ചതോടെ ജയിലുകൾക്ക് വേണ്ടി ചിലവഴിച്ചിരുന്ന വൻ തുകയിൽ കുറവു വന്നു. ഇവിടത്തെ അന്തേവാസികൾക്ക് തൊഴിൽ പരീശിലനത്തിനു വേണ്ടി 15 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഡിപ്ലോമ ഇൻ ഒപ്റ്റിക്കൽ ഫൈബർ ആന്റ് ഡിജിറ്റൽ സെക്യൂരിറ്റീസ് സിസ്റ്റം എന്ന കോഴ്സ് ജയിലിലെ 15 പേർ പൂർത്തീകരിച്ചിട്ടുണ്ട്. കേരളത്തിലെന്പാടും സോളാർ പാനലുകൾ വിപണനം ചെയ്യാനായി സോളാർ പാനൽ നിർമാണ പരിശീലനം നടത്തും.
ജയിൽ സൂപ്രണ്ട് എം.കെ.വിനോദ് കുമാർ, ജോയിന്റ് സൂപ്രണ്ട് രമേഷ്കുമാർ, വെൽഫയർ ഓഫീസർമാരായ ഒ.ജെ.തോമസ്, സാജി സൈമണ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജയിൽ ഉദ്യോഗസ്ഥർ ജയിൽ അന്തേവാസികൾക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.