വിയ്യൂർ: വിയ്യൂർ ജയിൽ ഹൈടെക്കാകുന്നു. അത്യാധുനിക സംവിധാനത്തോടെ സ്റ്റീം കുക്കിംഗ് കിച്ചൻ, ഭക്ഷണം വിതരണം ചെയ്യാൻ ഇലക്്ട്രിക് ട്രോളി, അണുവിമുക്തമായ കുടിവെള്ളം ലഭ്യമാക്കാൻ ആർഒ പ്ലാന്റ്, ഒരേ സമയം 30 കിലോ വസ്ത്രങ്ങൾ കഴുകുവാനും ഉണക്കുവാനുമുള്ള പവർ ലോണ്ട്രി തുടങ്ങിയവയുടെ ഉദ്ഘാടനം ജയിൽ ഡിജിപി ആർ.ശ്രീലേഖ ഉദ്ഘാടനം ചെയ്തു.
കൂടാതെ ജയിലിന് സ്വന്തമായുള്ള അന്തേവാസികളുടെ മ്യൂസിക് ബാന്റായ ഫ്രീഡം മെലഡി, റേഡിയോ, ഫിലിം ക്ലബ് എന്നിവയ്ക്കു പുറമേ ഫ്രീഡം ചാനലും ആരംഭിക്കും. ഇതിന്റെ ലോഗോയുടെ പ്രകാശനവും ഡിജിപി നിർവഹിച്ചു. തടവുകാരെ ഭീകരജീവികളായാണ് പൊതുജനം കാണുന്നത്. ഇതിനു മാറ്റം വരുത്തുന്ന രീതിയിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് തടവുകാർ ചെയ്യുന്നതെന്ന് ഡിജിപി പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായാണ് ജയിലിൽ മാത്രമായി ടി.വി.ചാനൽ ആരംഭിക്കുന്നത്. അവതാരകരും ഗായകരുമായി അന്തേവാസികളാണ്. ഇഷ്ട ഗാനങ്ങൾ, തടവുകാർ നിർമിക്കുന്ന ഹ്രസ്വ ചിത്രങ്ങൾ, കോമഡി ഷോ, മിമിക്രി, ഡാൻസുകൾ എന്നിവയും കലാമൂല്യമുള്ള സിനിമകളും സംപ്രേഷണം ചെയ്യും. ചാനലിൽ സംപ്രേഷണം ചെയ്യാൻ ഉദ്ദേശിക്കുന്ന പരിപാടികൾ ഒരാഴ്ച മുന്‍പേ ഷൂട്ട് ചെയ്ത് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കും. അന്തേവാസികളെ പാർപ്പിച്ചിരിക്കുന്ന ബാരക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിലൂടെയാണ് സംപ്രേഷണം.
രണ്ടു കോടി മുടക്കിയാണ് പുതിയ അത്യാധുനിക സൗകര്യങ്ങൾ വിയ്യൂർ ജയിലിൽ ആരംഭിക്കുന്നത്. അന്തേവാസികളുടെ മെലഡി മ്യൂസിക് ബാന്റിന്റെ ആഭിമുഖ്യത്തിൽ തടവുകാരുടെ വേതനത്തിൽ നിന്നും സമാഹരിച്ച തുക തടവുകാരുടെ മക്കൾക്കും തൃശൂർ രാമവർമപുരം ഗവ. സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്കും വിതരണം ചെയ്തു. ചടങ്ങിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസണ്‍സ് എച്ച്.ഗോപകുമാർ അധ്യക്ഷത വഹിച്ചു.
മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ, ഹൈ സെക്യൂരിറ്റി പ്രിസണ്‍ സൂപ്രണ്ട് എ.ജി.സുരേഷ്, റീജണൽ വെൽഫയർ ഓഫീസർ കെ.ലക്ഷ്മി, ജോയിന്റ് സൂപ്രണ്ട് കെ.അനിൽകുമാർ, വെൽഫയർ ഓഫീസർ ഒ.ജെ.തോമസ്, പി.വി.ജോഷി, വി.വി.സുധീഷ്, ജയിൽ സൂപ്രണ്ട് എൻ.എസ്.നിർമലാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.