തൃശൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വീറും വാശിയും ആവേശവും ആഘോഷവും വിയ്യൂർ സെൻട്രൽ ജയിലിലും. ജയിലിലെ തടവുകാർക്ക് ടിവിയിൽ കളി കാണാനുള്ള സൗകര്യം ജയിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്.
എല്ലാ ബ്ലോക്കിലും ടിവിയുള്ളതിനാൽ രാത്രി പന്ത്രണ്ടുമണിവരെയുള്ള കളികൾ തടവുകാർക്ക് കാണുന്നതിന് സൗകര്യമൊരുക്കുമെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് എം.കെ.വിനോദ് കുമാർ പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ ടിവിയിൽ കാണുന്നതിന് അനുവദിക്കണമെന്ന് കാണിച്ചുള്ള അപേക്ഷ എല്ലാ അന്തേവാസികളിൽ നിന്നും വാങ്ങും.
പുറംലോകവുമായി ബന്ധമില്ലെങ്കിലും ടിവി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ലോകകപ്പിന്റെ ആരവവും ആവേശവും ജയിലിന്റെ കൂറ്റൻ മതിൽകെട്ടിനകത്തേക്ക് കടന്നെത്തിയിട്ടുണ്ട്.
തടവുകാരിൽ നല്ല ഫുട്ബോൾ കളിക്കാരുണ്ട്. ബ്രസീലിന്റെയും അർജന്റീനയുടേയും ജർമനിയുടേയും ആരാധകരുണ്ട്. ലയണൽ മെസിയേയും നെയ്മറേയും ഹൃദയത്തോടു ചേർത്ത് ഇഷ്ടപ്പെടുന്നവരുണ്ട്. അവരെല്ലാം ഈ ലോകകപ്പ് കാണും..