സ്വന്തം ലേഖകൻ
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണൽ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത റെയ്ഡ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഷാഫിയിൽനിന്ന് സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്തു. ഇന്നു പുലർച്ചെയാണ് കമ്മീഷണറുടെ നേതൃത്വത്തിൽ ജയിലിൽ റെയ്ഡ് നടന്നത്. രണ്ട് സ്മാർട്ട് ഫോണുകളാണ് ടി.പി. കേസ് പ്രതിയായ ഷാഫിയിൽനിന്നു പിടിച്ചെടുത്തത്. ഇതിനു മുൻപും ഷാഫിയിൽനിന്ന് ഫോണുകൾ ജയിലിൽവച്ച് പിടികൂടിയിരുന്നു.
വിയ്യൂർ ജയിലിൽ ടി.പി. കേസ് പ്രതികളടക്കം ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് കമ്മീഷണർ യതീഷ് ചന്ദ്ര നാടകീയമായി ഇന്നുപ ുലർച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ആകെ നാലു ഫോണുകൾ റെയ്ഡിൽ കണ്ടെത്തി. 2017ൽ ടി.പി. കേസിലെ പ്രതികൾ വിയ്യൂർ ജയിലിൽ ജയിലിൽ മൊബൈൽ ഫോണ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സ്വകാര്യ ചാനൽ പുറത്തുവിട്ടിരുന്നു.
കൊടി സുനി, ടി.കെ.രജീഷ് എന്നിവർ മൊബൈൽ ഫോണ് ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്ന്പുറത്തു വന്നത്. പ്രതികൾ ജയിലിനുള്ളിൽ സിഗരറ്റ് വലിക്കുന്നതും സിസി ടിവി കാമറകളിൽ പതിഞ്ഞിരുന്നു.ജയിൽ മേധാവിയായി ചുമതലയേറ്റ ഋഷിരാജ്സിംഗിന്റെ പ്രത്യേക നിർദ്ദേശപ്രകരമായിരുന്നു ഇന്നു പുലർച്ചെ നടന്ന റെയ്ഡ്.
അതീവരഹസ്യമായാണ് റെയ്ഡ് നടന്നത്. അന്പതോളം പോലീസുകാരുടെ അകന്പടിയോടെയാണ് കമ്മീഷണർ യതീഷ് ചന്ദ്ര ഇന്നുപുലർച്ചെ നാലരയോടെ വിയ്യൂർ ജയിലിലെത്തിയത്. സെല്ലുകൾ ഒന്നും തന്നെ ഈ സമയം തുറന്നിരുന്നില്ല. ടി.പി. കേസിലെ പ്രതികൾ കഴിയുന്ന സെല്ലുകളിലടക്കം ഒരേസമയം റെയ്ഡ് നടത്തി. സെല്ലുകളിലേക്ക് പോലീസുകാർ ഇരച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
തടവുകാർക്ക് മൊബൈൽ ഫോണുകൾ മാറ്റാനുള്ള സമയമോ സാവകാശമോ നൽകാതെയായിരുന്നു റെയ്ഡ്. റെയ്ഡ് വിവരം ചോരാതിരിക്കാൻ കമ്മീഷണർ അതീവജാഗ്രത പുലർത്തിയിരുന്നു. റെയ്ഡിൽ പങ്കെടുത്ത പോലീസുകാരോടു പോലും അവസാന നിമിഷമാണ് വിവരം പറഞ്ഞത്. നേരത്തെ റെയ്ഡ് വിവരം അറിഞ്ഞ് ഏതെങ്കിലും തരത്തിൽ അത് ജയിലിലറിഞ്ഞാൽ മൊബൈൽ ഫോണും മറ്റും ഒളിപ്പിക്കുമെന്നറിയുന്നതുകൊണ്ടാണ് റെയ്ഡ് വിവരം അതീവ രഹസ്യമാക്കി വെച്ചത്.
പിടിച്ചെടുത്തത് മുന്തിയ ഇനം ഫോണുകളാണ്. ചാർജറുകളും പിടിച്ചെടുത്തു. ഷാഫിക്ക് പുറമെ കൊടിസുനിയും മനോജുമടക്കം അഞ്ചു പ്രതികൾ വിയ്യൂർ ജയിലിലുണ്ട്. ഇവർ നേരത്തെ കോഴിക്കോട് ജയിലിൽ ഫോണ് ഉപയോഗിച്ചത് വിവാദമായിരുന്നു.
വിയ്യൂർ ജയിലിലേക്ക് ഇവർക്ക് ഫോണുകൾ എത്തിച്ചത് ആരാണ് എന്നതും എത്ര കാലമായി ഇവർ ഫോണുകൾ ഉപയോഗിക്കുന്നുവെന്നതും പോലീസ് അന്വേഷണം തുടങ്ങി. ഇവർ വിളിച്ച കോളുകളും പരിശോധിക്കുന്നുണ്ട്.