സ്വന്തം ലേഖകൻ
തൃശൂർ: വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് പരാതിയും കൊണ്ട് ഇനി ആരും പോകേണ്ട. അതെന്താ അവിടെ പരാതി വാങ്ങൽ നിർത്തിയോ എന്ന് സംശയമയോ….വിയ്യൂർ സ്റ്റേഷനിൽ ഇനി പരാതി നേരിട്ട് സ്വീകരിക്കുന്നതിന് പകരം വാട്സാപ്പ് വഴിയാണ് സ്വീകരിക്കുന്നത്.
കോവിഡ് പടരുന്ന സാഹചര്യത്തിലും താണിക്കുടത്ത് പോസിറ്റീവ് കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലും പോലീസുകാരടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പരാതികൾ വാട്സാപ്പ് വഴി സ്വീകരിക്കാൻ വിയ്യൂർ പോലീസ് തീരുമാനിച്ചത്.
ഏതാനും ദിവസം മുൻപുതന്നെ ഇത്തരത്തിൽ വാട്സാപ്പ് വഴി പരാതികൾ സ്വീകരിക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം മുതൽ ഇത് കർശനമായി നടപ്പാക്കി. പരാതിയെഴുതി പേപ്പറുമായി ആരും സ്റ്റേഷനിൽ വരേണ്ടെന്ന അറിയിപ്പ് വാട്സാപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയും പോലീസ് പൊതുജനങ്ങൾക്ക് നൽകിയിരുന്നു.
സ്റ്റേഷനിൽ ഇതു സംബന്ധിച്ച അറിയിപ്പ് പതിക്കുകയും ചെയ്തു. പരാതികൾ എഴുതി തയ്യാറാക്കി അതിന്റെ ഫോട്ടോയെടുത്ത് വിയ്യൂർ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒയുടെ വാട്സാപ്പ് നന്പറായ 9497947202ൽ അയച്ചാൽ മതി.
പരാതി ലഭിച്ചാലുടൻ പരാതിക്കാരന്റെ വീട്ടിലെത്തി പോലീസ് വിഷയം സംസാരിക്കുകയും എതിർ കക്ഷിയെ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുകയും ചെയ്യും. ഫോണിലൂടെ പറഞ്ഞു തീർക്കാവുന്ന പ്രശ്നമാണെങ്കിൽ അങ്ങിനെ തീർക്കാനും ശ്രമിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
ട