സ്വന്തം ലേഖകൻ
വിയ്യൂർ: വെൽക്കം ടു സെൻട്രൽ ജയിൽ…സെൻട്രൽ ജയിൽ പന്പ്…..പരിഷ്കാരങ്ങളൊരുപാട് കണ്ട വിയ്യൂർ സെൻട്രൽ ജയിലിൽ ഫ്രീഡം ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷൻ അഥവാ വിയ്യൂർ സെൻട്രൽ ജയിൽ പന്പ് തുറന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് വിയ്യൂർ ജയിൽ പന്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി വി.എസ്.സുനിൽകുമാർ, ടി.എൻ.പ്രതാപൻ എംപി, മേയർ അജിത ജയരാജൻ, ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ്, കൗണ്‍സിലർ കെ.സുരേഷ്കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ജയിൽ വകുപ്പും ചേർന്നാണ് ഈ പന്പ് ആരംഭിച്ചിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിനടുത്തു തൃശൂർ – ഷൊർണ്ണൂർ സംസ്ഥാനപാതയിൽ പാടൂക്കാട് ദീപ തീയേറ്ററിനു എതിർവശത്ത് 30 സെൻറ് സ്ഥലത്തണ് പെട്രോൾ പന്പ്.
പന്പിൽ ജോലി ചെയ്യുന്ന തടവുകാർക്കും ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകി. വൈകാതെ തന്നെ പ്രകൃതിവാതകവും(സി. എൻ. ജി ) ലഭ്യമാക്കും.
ജയിലിലെ തടവുകാർ തന്നെയാണ് പന്പിലെ ജോലിക്കാർ. രാവിലെ ആറു മുതൽ രാത്രി 10 വരെയായിരിക്കും പ്രവർത്തനസമയമെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞതോടെ പന്പിൽ നിന്ന് വാഹനങ്ങൾക്ക് ഇന്ധനം നിറച്ചു തുടങ്ങി.