വിയ്യൂർ: വിയ്യൂർ ജയിലിൽ വിഷം തട്ടാതെ വിളഞ്ഞത് 6300 കിലോ പച്ചക്കറി. ജൈവകൃഷി രീതി അവലംബിച്ച് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാമ് 6300 കിലോ പച്ചക്കറി വിളയിച്ചെടുത്തത്.
ജയിൽ അന്തേവാസികൾ തന്നെയാണ് മണ്ണിൽ പൊന്നുവിളയിച്ചത്. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾക്കുള്ള ശിക്ഷയായി ജയിലിൽ കഴിയേണ്ടി വരുന്നവർക്ക് അവരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയായിരുന്നു ജയിലിനകത്തെ കൃഷിപ്പണി.
ഇവരിൽ പലരും ജയിൽമോചിതരായാൽ കൃഷിപ്പണി ഉപജീവനമാർഗമായി സ്വീകരിക്കുമെന്ന് പറയുന്പോൾ ആ വാക്കുകൾക്ക് മണ്ണിൽ വിളഞ്ഞതിനേക്കാൾ പൊന്നിൻ തിളക്കമുണ്ട് .കൂടാതെ ജയിൽ ബജറ്റിൽ വലിയ കുറവു വരുത്താൻ ഈ പച്ചക്കറിസമൃദ്ധികൊണ്ട് സാധിച്ചെന്ന് ജയിൽ അധികൃതർ പറയുന്നു. പൊതുവിപണിയിലേക്കും ജയിൽ പച്ചക്കറി എത്തുന്നുണ്ട്.
1520 കിലോ കപ്പയാണ് ജയിൽ അന്തേവാസികൾ കൃഷിചെയ്തതിൽ ഏറ്റവുമധികമുള്ളത്.450 കിലോ കൂർക്ക, 400 കിലോ കോവൽ, 450 കിലോ കായ, 270 കിലോ ചുരയ്ക്ക, 250 കിലോ പാവൽ, 560 കിലോ പയർ, 440 കിലോ വെണ്ടയ്ക്ക, 450 കിലോ വെള്ളരി, 475 കിലോ പടവലങ്ങ, 370 കിലോ പീച്ചിൽ, മറ്റു പച്ചക്കറികൾ 600 കിലോ എങ്ങിനെയാണ് ജയിലിൽ കൃഷി ചെയ്തപ്പോൾ മണ്ണ് തിരിച്ചുകൊടുത്തത്.
സ്വന്തം ലേഖകൻ