വിയ്യൂർ: ജില്ലയിലെ ഏറ്റവും വലിയ പെട്രോൾ പന്പ് വിയ്യൂർ സെൻട്രൽ ജയിൽ കോന്പൗണ്ടിൽ നിർമാണം പൂർത്തിയായി. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ഈ പന്പ് സ്ഥാപിച്ചിരിക്കുന്നത്. ജയിൽവകുപ്പിനാണു നടത്തിപ്പു ചുമതല.
വിപ്ലവകരമായ പല കാര്യങ്ങളും നടപ്പാക്കി വിയ്യൂർ ജയിലിൽ പെട്രോൾ പന്പു കൂടി വരുന്നതോടെ ജയിലിന്റെ വരുമാനം കൂടുകയും തടവുകാരുടെ മാനസിക സംഘർഷം കുറയുകയും ചെയ്യുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
പന്പിനോടു ചേർന്ന് കഫെറ്റേരിയ, വിശ്രമസ്ഥലം, ടോയ്ലെറ്റുകൾ, സ്റ്റേഷനറികട എന്നിവയും ഒരുക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ പന്പിന്റെ നിർമാണോദ്ഘാടനം മന്ത്രി സുനിൽ കുമാർ നിർവഹിച്ചിരുന്നു. എന്നാൽ ലോക്ഡൗണ്‍ മൂലം പണി നീണ്ടുപോയിരുന്നു.
വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിനോട് അനുബന്ധിച്ച് തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയുടെ വലതു വശത്താണ് പന്പ്. ജയിലിലെ നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന നല്ല നടപ്പുകാരായ തടവുകാരെ ഇവിടെ ജോലിക്ക് നിയോഗിക്കും.
15 വീതം ജയിൽ അന്തേവാസികൾക്കായിരിക്കും ഇവിടെ ജോലി. 30 വർഷത്തെ പാട്ടത്തിനാണ് ജയിൽ വകുപ്പ് സ്ഥലം ഐ.ഒ.സി കന്പനിക്ക് നൽകിയിരിക്കുന്നത്. ഇതിൽ ഒരു ലിറ്ററിനു നാലുരൂപയോളം ജയിൽ വകുപ്പിന് കമ്മീഷൻ ലഭിക്കും.
ആന്ധ്രയിൽ ജയിൽ പന്പുകൾ വൻ വിജയമാണെന്നു കണ്ട് ജയിൽ ഡിജിപി ഋഷിരാജ് സിംഗാണു പദ്ധതി നടപ്പാക്കാൻ മുൻകയ്യെടുത്തത്. വിയ്യൂരിന് പുറമെ പൂജപ്പുര, കണ്ണൂർ ചീമേനിയിലെ തുറന്ന ജയിൽ എന്നിവിടങ്ങളിലും ജയിൽ പന്പുകൾ പ്രവർത്തനമാരംഭിക്കുന്നുണ്ട്.
ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നാൽ വിയ്യൂർ ജയിൽ പന്പിന്റെ ഉദ്ഘാടനം നടക്കും.