തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി ചാടിപ്പോയ സംഭവത്തിൽ ജീവനക്കാർക്കെതിരെ ഇന്നു നടപടിയുണ്ടായേക്കും.പ്രതി രക്ഷപെടാനുണ്ടായ സംഭവത്തിൽ ജയിൽ ജീവനക്കാർ കുറ്റക്കാരാണെന്ന് വ്യക്തമാക്കി ജയിൽ സൂപ്രണ്ട് ഡിഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തക്കുറിച്ച് ഡിജിപിയും കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലും ജീവനക്കാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്ന് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
എറണാകുളം പുത്തൻകുരിശ് കാടാമറ്റം സ്വദേശി മോളക്കുടി വീട്ടിൽ രഞ്ജൻ (48) ആണ് ജയിൽ ചാടിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ജീവനക്കാരുടെ വിശ്വസ്തനായി കഴിഞ്ഞിരുന്നതിനാൽ ഇയാളെ സ്വതന്ത്രമായാണ് വിട്ടിരുന്നത്. ഇത് മുതലെടുത്താണ് അവസരം കിട്ടിയപ്പോൾ ജയിൽ ചാടിയത്.
ട്രാക്ടർ ഓടിക്കുന്നയാളായിരുന്നു. കൃഷിയാവശ്യത്തിനു ട്രാക്ടറിൽ ചാണകം കൊണ്ടു പോയ സമയത്ത് ഇയാളെ കാണാതാവുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്.പ്രതിയെ കണ്ടെത്താൻ പോലീസ് രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. എറണാകുളത്തെ വീട്ടിലും പരിസരത്തുമാണ് ഉൗർജിതമായ അന്വേഷണം നടത്തുന്നത്. പ്രതിയുടെ വീടിന്റെ പരിസരത്ത് നിരീക്ഷണം നടത്തി വരികയാണ്.
പ്രതി ഇത്തരത്തിൽ തങ്ങളെ കബളിപ്പിച്ച് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. വർഷങ്ങളായി വിശ്വസ്തനായാണ് പെരുമാറിയിരുന്നത്. അതിനാൽ തന്നെ ജീവനക്കാർ ഇയാളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ല. ജീവനക്കാർ പ്രതികളോടൊപ്പം ഉണ്ടാകണമെന്നാണ് വ്യവസ്ഥ. ഇത് ജീവനക്കാർ പാലിക്കാത്തതിനെതിരെയും നടപടിയുണ്ടാകും.