തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ നാലുപേർ തണൽ ഇടത്തിലേക്ക്. ജയിലിൽനിന്നിറങ്ങുന്ന ആലംബഹീനർക്ക് താങ്ങാവാൻ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനമാണ് തണൽ
ഇടം.
കൊല്ലം ജില്ലയിലെ വാളകത്താണ് തണൽ ഇടം ആരംഭിച്ചിട്ടുള്ളത്. വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും പുറത്തിറങ്ങിയ 59 വയസുകാരനാണ് തണലിടത്തിലെ ആദ്യ താമസക്കാരൻ. ഹൃദ്രോഗിയായ ഇദ്ദേഹത്തിനു സ്വന്തക്കാരായി ആരുമില്ല.
ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എങ്ങോട്ടുപോകുമെന്നറിയാതെ നിന്നപ്പോഴാണ് സാമൂഹ്യ നീതി വകുപ്പ് തുണയായത്. ഇതിനു പുറമെ തമിഴ്നാട്ടുകാരായ രണ്ടുപേരും കോഴിക്കോടുകാരനായ ഒരാളും വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും തണലിടത്തിന്റെ ഭാഗമാകും.
പൊതുഗതാഗതം ഇല്ലാത്തതിനാൽ പോലീസ് സഹായത്തോടെ ഇവരെ തണലിടത്തിൽ എത്തിക്കും. കിടപ്പുരോഗികളോ, മാനസിക രോഗികളോ അല്ലാത്ത ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയുന്ന 18-70 വരെ പ്രായമുള്ള പുരുഷൻമാരെയാണ് ഇവിടെ പാർപ്പിക്കുക.
ജില്ലാ പ്രൊബേഷൻ ഓഫീസർമാരുടെയോ ജയിൽ സൂപ്രണ്ടുമാരുടെയോ കത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ സംരക്ഷണം ലഭിക്കും. കൊറോണക്കാലത്തു ജയിൽ വകുപ്പ് നൽകിയ പ്രത്യേക പരോളിൽ പുറത്തിറങ്ങിയവർക്കും ഇവിടെ താമസിക്കാൻ കഴിയും.
ഇവിടെയെത്തുന്ന ഓരോരുത്തരുടെയും കഴിവും ദൗർബല്യവും മനസിലാക്കി പ്രത്യേക വ്യക്തിഗത ശ്രദ്ധാ പദ്ധതി നടപ്പിലാക്കും. ഇതിലൂടെ സമൂഹത്തിൽ പുനരധിവസിപ്പിക്കുകയും വീണ്ടും കേസിൽപ്പെടാതെ നോക്കുകയുമാണ് ലക്ഷ്യം. തൊഴിൽപരിശീലനവും ഇവിടെ നൽകും.
ഇവിടെ എത്തുന്ന ഓരോരുത്തർക്കും സ്വന്തം വീട്, തൊഴിൽ, കുടുംബം തുടങ്ങി സാമൂഹ്യ പുനരേകീകരണത്തിനുള്ള വിവിധ സംവിധാനങ്ങൾ മറ്റു വകുപ്പുകളുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായത്തോടെ ഭാവിയിൽ ഒരുക്കുകയാണ് ലക്ഷ്യം.