തൃശൂർ: വിയ്യൂർ ജയിലിലെ വിവിഐപി തടവുകാരുടെ ഫോണ് വിളി സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഫോണ് വിളി ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഉത്തരവായി. ഫോണ് വിളി വിവാദം സംബന്ധിച്ച് ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോണ് വിളി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനി, തൃശൂർ അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദ് എന്നിവർ ജയിലിനുള്ളിൽ ഫോണ് ഉപയോഗിച്ച സംഭവത്തെക്കുറിച്ചാണ് അന്വേഷണം.
വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ ഒത്താശയോടെയാണു തടവുകാർ ഫോണ് വിളി നടത്തിയതെന്നാണ് ജയിൽ മേധാവി ഷെയ്ഖ് ദർവേസ് സാഹിബിന് ഉത്തരമേഖല ജയിൽ ഡി.ഐ.ജി നൽകിയ റിപ്പോർട്ട്.
തുടർന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും വിവരങ്ങളും സംബന്ധിച്ച് ഏഴു ദിവസത്തിനകം സൂപ്രണ്ട് സുരേഷിനോടു വിശദീകരണം ആവശ്യപ്പെട്ടത്.സൂപ്രണ്ടിന്റെ വിശദീകരണവും അന്വേഷണ റിപ്പോർട്ടും ജയിൽ ഡിഐജി സർക്കാരിനു കൈമാറും.
ജയിൽ സൂപ്രണ്ട് സുരേഷിന്റെ ഓഫീസിലെ സഹായിയായി ഒരു വർഷം റഷീദ് ജോലി ചെയ്തിട്ടുണ്ടെന്നും കൊലപ്പുള്ളിയെ സഹായിയാക്കി നിർത്തിയത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
കൊലക്കേസ് പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഫോണിൽ നിന്നും ആയിരത്തിലേറെ പ്രാവശ്യം വിളിച്ചിട്ടുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തി.
അതേസമയം ജയിൽ സൂപ്രണ്ട് ജയിലിലെ ഫോണ് വിളി തടയുന്നതിനും ചില തടവുകാർക്കുള്ള വിവിഐപി പരിഗണന ഇല്ലാതാക്കുന്നതിനും നടപടികളെടുത്തതും കൊടിസുനി, റഷീദ് തുടങ്ങിയ ഉന്നത ബന്ധങ്ങളുള്ള തടവുകാരെ നിലയ്ക്കു നിർത്താൻ തുടങ്ങിയതോടെയുമാണ് സൂപ്രണ്ടിനെതിരെ ജയിലിൽ പടയൊരുക്കം നടന്നതെന്നും അഭ്യൂഹമുണ്ട്.