അറസ്റ്റിലായാലും വിയ്യൂര്‍ ജയിലിലേക്കു പോകേണ്ടി വരില്ലെന്ന സന്തോഷത്തിലാണു തൃശൂരിലെ ഗുണ്ടകൾ. അവിടെ തടവുകാര്‍ക്കു നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത സാഹചര്യമാണ്.
അതിനാല്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്താല്‍ തത്കാലം സ്റ്റേഷന് ജാമ്യത്തില്‍ വിടാനേ കഴിയൂ. ഗുണ്ടകൾ പിടിയിലായല്ലോ എന്ന് ആശ്വസിക്കാൻ നാട്ടുകാർക്കു കഴിയില്ലെന്നു സാരം. ഏതുനിമിഷവും അതേ ഗുണ്ടകള്‍ വീണ്ടും മുന്നിലെത്താം.
വിയ്യൂര്‍ ജയിലില്‍ 583 പേരെ പാര്‍പ്പിക്കാനുള്ള ശേഷിയേ ഉള്ളൂ. പക്ഷേ, ഇപ്പോള്‍ ഇവിടെ കഴിയുന്നത് 1,110 പേർ. സൗകര്യമുള്ളതിലും ഇരട്ടി പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. തീവ്രവാദി, മാവോയിസ്റ്റ് തടവുകാരുടെ കൂടെപ്പോലും ഗുണ്ടകളെ പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ഗുണ്ടകളാണ് ഇവർക്കൊപ്പം കഴിയുന്നത്.
ഇനി ഈ ഗുണ്ടകൾ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന ആശങ്ക വേറെ. ഗുണ്ടകളെ അറസ്റ്റ് ചെയ്ത് കാപ്പ നിയമപ്രകാരം നാടുകടത്താനും സാധിക്കാതെ വന്നിരിക്കുകയാണ്. അതാത് ജില്ലകളിലുള്ളവരെ മറ്റു ജില്ലകളിലെ ജയിലുകളിലേക്കാണു വിടുന്നത്.
തിരുവനന്തപുരത്തുനിന്ന് പിടിക്കുന്നവരെ തൃശൂരിലും ഇവിടെനിന്ന് അറസ്റ്റ് ചെയ്യുന്നവരെ കണ്ണൂരിലേക്കും കണ്ണൂരുകാരെ തിരുവനന്തപുരത്തേക്കുമാണ് നാടു കടത്തിക്കൊണ്ടിരുന്നത്. ഇപ്പോള്‍ എല്ലാ ജയിലുകളും നിറഞ്ഞതോടെ പിടികൂടുന്നവരെ ജാമ്യത്തില്‍ വിടുക മാത്രമാണ് രക്ഷ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ പരോള്‍ റദ്ദാക്കി എല്ലാവരെയും തിരിച്ചുവിളിച്ചതും ജയിലുകളില്‍ സ്ഥലമില്ലാതാകാന് കാരണമായി. ജയിലില്‍ കഴിയുന്നവരില്‍ കൂടുതലും വിചാരണത്തടവുകാരാണ്.