തൃശൂർ: നാളെ ഇന്ത്യ മുഴുവൻ സ്വാതന്ത്ര്യദിനം കൊണ്ടാടുന്പോൾ വിയ്യൂർ ജയിലിലെ തടവുകാരുടെ ശബ്ദം സ്വാതന്ത്ര്യം ആഘോഷിക്കും. നാളെ റേഡിയോ മിർച്ചിയെ റേഡിയോ ജോക്കികളായി രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ശ്രോതാക്കൾ കേൾക്കുക വിയ്യൂർ ജയിലിലെ തടവുകാരുടെ ശബ്ദമാണ് – മിർച്ചിയിലെ നാളത്തെ റേഡിയോ ജോക്കികൾ വിയ്യൂരിലെ തടവുകാരാണ്.
ചരിത്രത്തിലേക്കാണ് ഈ ജോക്കികൾ ശബ്ദവുമായി കടന്നെത്തുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്കുള്ള ശിക്ഷയായി തടവു ശിക്ഷ അനുഭവിക്കുന്നവർക്ക് തങ്ങളുടെ ശബ്ദം തടവറയ്ക്കു പുറത്തേക്ക് പോകുന്നത് സ്വാതന്ത്ര്യദിനത്തിൽ ഏറെ സന്തോഷം തരുന്ന കാര്യമാണ്.
സ്വാതന്ത്ര്യമില്ലായ്മയും അതിന്റെ വേദനകളും സ്വാതന്ത്ര്യത്തിന്റെ സുഖവും ഏറ്റവുമധികം അറിയുന്നതും അനുഭവിക്കുന്നതും ആഗ്രഹിക്കുന്നതും തടവുകാരാണെന്നതുകൊണ്ടുതന്നെ സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കാൻ ഏറ്റവും അനുയോജ്യർ അവരാണെന്നതുകൊണ്ടാകാം എഫ്എം റേഡിയോക്കാർ അവരെ ജോക്കികളായി തങ്ങളുടെ ശ്രോതാക്കളോട് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിപ്പിക്കാൻ തീരുമാനിച്ചത്.
തടവുകാർക്ക് അവരുടെ സ്വാതന്ത്ര്യദിന ചിന്തകളും അനുഭവങ്ങളും പങ്കുവയ്ക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ജയിൽ ആന്റ് കറക്ഷണൽ സർവീസസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മതിലുകൾക്കപ്പുറം എന്ന റേഡിയോ പരിപാടി റേഡിയോ മിർച്ചി ഒരുക്കുന്നത്.
തെരഞ്ഞെടുത്ത തടവുകാരാണ് നാളെ മിർച്ചി എഫ്എമ്മിൽ ഷോകൾ ചെയ്യുകയും അവർക്കിഷ്ടപ്പെട്ട പാട്ടുകൾ കേൾപ്പിക്കുകയും ശ്രോതാക്കളുമായി സംസാരിക്കുകയും ചെയ്യുക. ഡിജിപിയുടെ പ്രത്യേക അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വിയ്യൂർ ജയിലിൽ തടവുകാരുടെ എഫ്എം റേഡിയോ ഫ്രീഡം മെലഡിയുടെ പ്രക്ഷേപണമുണ്ട്. നിരവധി കലാകാരൻമാരും തടവുകാർക്കിടയിലുണ്ട്. എന്നാൽ തടവുശിക്ഷ അനുഭവിക്കുന്ന കാലയളവിൽ ഇത്തരമൊരു പ്രോഗ്രാം അവതരിപ്പിക്കുന്നതിന് അവസരം കിട്ടിയത് വലിയ ഭാഗ്യമായി തടവുകാരും കരുതുന്നു.
തടവുകാർക്ക് സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം ജയിലിനു പുറത്തേക്ക് സ്വാതന്ത്ര്യം ലഭിച്ചു പോകാനുള്ള അവസരം ലഭിച്ചത് അവർക്കേറെ സന്തോഷം നൽകുന്നുണ്ടെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു. അപ്പോൾ നാളെ റേഡിയോ മിർച്ചി ട്യൂണ് ചെയ്യാൻ മറക്കല്ലേ…