സ്വന്തം ലേഖകന്‍
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ വി.വി.ഐ.പി പരിരക്ഷയില്‍ കൊലക്കേസ് പ്രതികള്‍ സുഖിച്ചു കഴിയുന്നുവെന്ന റിപ്പോര്‍ട്ട് മുക്കിയെന്ന വിവാദം അന്വേഷിക്കാന്‍ ജയില്‍ ഡി.ജി.പി നേരിട്ടെത്തിയേക്കും. ജയില്‍ ഡിജിപി സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതോടെ ജയിലിനകത്ത് ഉദ്യോഗസ്ഥര്‍ തന്നെ അനാവശ്യ സാധനസാമഗ്രികളുടെ ക്ലീനിംഗ് തുടങ്ങിയതായും സൂചനകളുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് അപ്രതീക്ഷിതമായി ഒരു പുലര്‍കാലത്ത് നടന്ന റെയ്ഡിന്റെ ഓര്‍മയും അനുഭവവും ഉള്ളതുകൊണ്ട് ഒളിപ്പിക്കാനുള്ളതെല്ലാം ഒളിപ്പിക്കാനുള്ള തത്രപ്പാടിലാണ് പലരുമെന്നറിയുന്നു.
രണ്ടു വര്‍ഷം മുന്‍പ് 2019ല്‍ അന്നത്തെ തൃശൂര്‍ സിറ്റിപോലീസ് കമ്മീഷണറായിരുന്ന യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ ജയിലില്‍ പുലര്‍ച്ചെ മിന്നല്‍ പരിശോധന നടത്തി ടി.പി.കേസ് പ്രതികളുടെ സെല്ലില്‍ നിന്നടക്കം വിലകൂടിയ ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് ഫോണടക്കമുള്ള മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു.
പ്രതികള്‍ക്ക് സ്മാര്‍ട്ട് ഫോണും ചാര്‍ജറുമെല്ലാം എത്തിച്ചുകൊടുക്കുന്നതില്‍ ജയിലിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സൂചന അന്നും ഉണ്ടായിരുന്നു. ഇതില്‍ എതിര്‍പ്പുള്ള ചില ഉദ്യോഗസ്ഥരാണ് അന്ന് ഋഷിരാജ് സിംഗിന് രഹസ്യവിവരം നല്കിയതും ഒരു കുഞ്ഞുപോലുമറിയാതെ റെയ്ഡ് നടത്തിയതുമെന്നും അന്ന് പറയുന്നുണ്ടായിരുന്നു.
അന്നത്തെ റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ സിംകാര്‍ഡുകളും ചെറിയ പതിമൂന്നു പൊതികളിലായി നിറച്ച കഞ്ചാവും പവര്‍ ബാങ്കും ചാര്‍ജറും ഹെഡ് സെറ്റും കത്തി, അരം തുടങ്ങിയ ആയുധങ്ങളും ബീഡി, ലൈറ്ററുകള്‍ എന്നിവയും പിടികൂടിയിരുന്നു. വിയ്യൂര്‍ പോലീസ് അന്ന് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് അതില്‍ കാര്യമായ നടപടികളൊന്നുമുണ്ടായില്ല.