സ്വന്തം ലേഖകൻ
തൃശൂർ: വിയ്യൂർ ജയിലിലെ ഗുണ്ടാവിളയാട്ടം നിർത്താൻ ജയിലിൽ ആന്റി ഗുണ്ട സ്ക്വാഡിനെ നിയോഗിക്കാൻ നീക്കം. കേരളത്തിലെ ഒരു ജയിലിലും ഇത്തരത്തിൽ ആന്റി ഗുണ്ട സ്ക്വാഡിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടില്ലെങ്കിലും ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്ന വിയ്യൂരിലെ സെൻട്രൽ ജയിലിലും അതിസുരക്ഷ ജയിലിലും ഗുണ്ടകളെ അടിച്ചമർത്താൻ ജയിൽ ജീവനക്കാർ പാടുപെടുന്ന സാഹചര്യത്തിലാണ് പരീക്ഷണമെന്ന നിലയിൽ ആന്റി ഗുണ്ട സ്ക്വാഡിനെ വിയ്യൂർ ജയിലിൽ നിയോഗിക്കാൻ ആലോചന നടക്കുന്നത്.
ഇതിന് ആഭ്യന്തരവകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും സർക്കാരിന്റെയും അനുമതി ആവശ്യമാണ്. ചട്ടങ്ങളിലും ഭേദഗതികൾ വേണ്ടിവരുമെന്നാണ് സൂചന.
വിയ്യൂരിലേക്ക് വിവിധ ജില്ലകളിൽ നിന്നെത്തുന്ന ഗുണ്ടാസംഘങ്ങൾ ജയിലിനകത്ത് പരസ്പരം ഏറ്റുമുട്ടുന്നതും കണക്കുകൾ കാരാഗൃഹത്തിനകത്ത് തീർക്കുന്നതും പതിവായിരിക്കുകയാണ്.
അടുത്തിടെ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനിയും മറ്റൊരു സംഘവും ഏറ്റുമുട്ടിയതും ഒടുവിൽ കൊടി സുനിയെ ജയിൽ മാറ്റിയതും കാപ്പനിയമം ചുമത്തി വിയ്യൂർ സെൻ്ട്രൽ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചതുമെല്ലാം വിയ്യൂരിലെ ജയിലിനകത്തെ സംഘർഷാവസ്ഥയുടെ പുതിയ കഥകളാണ്.
കേരളത്തിലേറ്റവുമധികം ഗുണ്ടകളെയും കാപ്പ കേസ് പ്രതികളേയും പാർപ്പിച്ചിരിക്കുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുടെ പരസ്പരമുള്ള ഏറ്റുമുട്ടലും ഗ്യാങ് വാറുകളും പതിവായതോടെ ജയിലിൽ കലാപസാധ്യത ഏറെയാണെന്ന് ഇന്റലിജൻസ് വിഭാഗം മുകളിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കായികപരിശീലനവും ഗുണ്ടകളെ നേരിടാനുള്ള ട്രെയിനിംഗും സായുധപരിശീലനവും നേടിയിട്ടുള്ള ജീവനക്കാരെ കൂടുതലായി ജയിലിൽ നിയോഗിച്ചാൽ മാത്രമേ ഇതിനൊരു അറുതിവരുള്ളുവെന്നതിനാലാണ് ആന്റി ഗുണ്ട സ്ക്വാഡിലെ അംഗങ്ങൾക്ക് ജയിലിലേക്ക് സ്പെഷ്യൽ ഡ്യൂട്ടി നൽകാൻ ആലോചന നടക്കുന്നത്.