തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ സംഘര്‍ഷത്തില്‍ പത്ത് തടവുകാര്‍ക്കെതിരെ കേസെടുത്തു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കാട്ടുണ്ണി രഞ്ജിത്തിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍. കൊടി സുനി അഞ്ചാം പ്രതിയാണ്. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.
ആക്രമണത്തിന് തുടക്കമിട്ടത് രഞ്ജിത്താണെന്നും കമ്പി ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും എഫ്ഐആറിലുണ്ട്. ഞായറാഴ്ചയാണ് സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ തിരിയുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് ജയിലില്‍ സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ചാണ് തടവുകാര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചത്.
ഓഫീസിലെ ഫര്‍ണീച്ചറുകളും സംഘം തല്ലിത്തകര്‍ത്തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് ഒടുവില്‍ തടവുകാരെ കീഴ്പ്പെടുത്തി രംഗം ശാന്തമാക്കിയത്.
പരിക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.