സ്വന്തം ലേഖകൻ
വിയ്യൂർ: തടവുകാരെ മർദിച്ചതിന്റെ പേരിൽ വിയ്യൂർ ജില്ലാ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റു ചെയ്യുകയും 38 പേരെ സ്ഥലം മാറ്റുകയും ചെയ്ത ജയിൽ ഡിജിപിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി ജയി ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തം. അതേ സമയം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിൽ തടവുകാർ ആഘോഷത്തിലുമാണ്.
തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാനോ എന്തെങ്കിലും പറയാനോ ജയിൽ ജീവനക്കാർക്ക് കഴിയുന്നില്ലെങ്കിലും അസോസിയേഷനിൽ ഇക്കാര്യം ഉന്നയിക്കാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താനുമാണ് ജീവനക്കാരുടെ തീരുമാനം.
41 ഉദ്യോഗസ്ഥരെ വിയ്യൂർ ജില്ലാ ജയിലിൽ നിന്നും നീക്കിയതോടെ ആളില്ലാത്ത അവസ്ഥയാണ് ജില്ല ജയിലിലുള്ളത്. ഇവിടേക്ക് കേരളത്തിന്റെ മറ്റു ജില്ലകളിൽനിന്ന് ജീവനക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി വിയ്യൂർ ജയിലിൽ ജോലിക്ക് ഹാജരാക്കാൻ ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിങ്ങൾക്കറിയുമോ, ജയിലിനകത്തെ സ്ഥിതി?
ജയിലിനകത്തെ സ്ഥിതി നിങ്ങൾക്കറിയാമോ. തടവുകാരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവർ ജയിൽ ജീവനക്കാരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അറിയുന്നുണ്ടോ – വിയ്യൂർ ജയിലിൽനിന്നു സ്ഥലം മാറ്റപ്പെട്ട 38 ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുള്ളവരാണ് തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ജയിലിനകത്ത് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കാൻ തയാറായത്.
അവർ സ്ട്രോംഗാണ്.., ട്രിപ്പിൾ സ്ട്രോംഗ്
തടവുകാർ ജയിൽ ജീവനക്കാരേക്കാൾ കരുത്തരാണ്. എത്രയോ തവണ ജീവനക്കാരെ അവർ നേരിട്ടിട്ടുണ്ട്. അവർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന സന്ദർഭങ്ങളിൽ പിടിച്ചുമാറ്റാൻ ജയിൽ ജീവനക്കാർ ചെല്ലുന്നത് ജീവൻ പണയം വെച്ചാണ്. ജീവനക്കാരെ നേരിടുന്നതിൽ തടവുകാർ സംഘടിക്കുന്ന രീതി ജയിലിനകത്ത് ശക്തി പ്രാപിക്കുന്നുണ്ട്.
മുടിവെട്ടാൻ വന്നാൽ കൈവെട്ടും
ജയിലിനകത്ത് ഫ്രീക്കൻമാരായ തടവുകാരെ കണ്ടാൽ അത്ഭുതപ്പെടേണ്ട. തടവുകാരുടെ മുടി പറ്റെ വെട്ടണമെന്ന് ചട്ടമൊക്കെയുണ്ടെങ്കിലും പല കേസുകളിലും പെട്ട് ശിക്ഷ അനുഭവിക്കാനെത്തുന്ന തടവുകാർ മുടിവെട്ടാൻ കൂട്ടാക്കാറില്ല. മുടി വെട്ടാൻ വരുന്നവരുടെ കൈവെട്ടുമെന്നാണ് ഇവരുടെ ഭീഷണി.
നിനക്കെന്നെ പരിശോധിക്കണോ….
കോടതിയിൽ കൊണ്ടുപോയി തിരികെ ജയിലിനകത്ത് പ്രവേശിപ്പിക്കുന്പോൾ തടവുകാരെ അടിമുടി പരിശോധിക്കണമെന്ന ചട്ടം പല “വിഐപി’കൾക്കും ബാധകമല്ല. പരിശോധിക്കാൻ ശ്രമിച്ചാൽ നിനക്കെന്നെ പരിശോധിക്കണോ എന്ന് കനപ്പിച്ചൊരു ചോദ്യം ചോദിച്ച് തറപ്പിച്ച് നോക്കും. അവരുടെ കയ്യിൽ പുറത്തുനിന്ന് കിട്ടിയ പലതുമുണ്ടായിരിക്കാം. പണി ഇരന്നു വാങ്ങേണ്ടെന്ന് കരുതി മിണ്ടാതിരിക്കും.
ഇനിയും പറയാൻ ഏറെയുണ്ട് സുഹൃത്തേ…, തൽക്കാലം മതി
സസ്പെൻഷനും സ്ഥലം മാറ്റവും ചിലപ്പോൾ ഡിസ്മിസലാകും. പക്ഷേ ഒരു കാര്യം മറക്കരുത് ഞങ്ങൾ സ്ട്രിക്ട് ആകുന്നതുകൊണ്ടാണ് കേരളത്തിലെ ജയിലുകൾ തടവുകാരുടെ നിയന്ത്രണത്തിലാകാത്തത്…