തൃശൂർ: ഞെട്ടിയ്ക്കുന്ന റെയ്ഡ് വാർത്തകളാലും തടവുപുള്ളികളുടെ വിക്രിയകളാലും നിറഞ്ഞുനില്ക്കുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നൊരു ചൂടൻ ബിരിയാണിക്കഥ. ഫ്രീഡം കോന്പോ ലഞ്ച് സൂപ്പർ ഹിറ്റായി..! ഓണ്‍ലൈനിൽ ഭക്ഷണം വിളന്പി പുതിയ ട്രെൻഡിനു തുടക്കമിട്ടെങ്കിലും ഇത്രയും വിജയകരമാകുമെന്നു അധികൃതരും കരുതിയില്ല.
വിയ്യൂർ ജയിലിലെ ന്ധഫ്രീഡം കോന്പോ ലഞ്ച്’ ഇലയിലെ ബിരിയാണി സദ്യക്ക് വൻ ഡിമാന്റ്. ഓണ്‍ലൈനിലൂടെ മാത്രം വിപണനം നടത്തുന്ന കോന്പോ ലഞ്ചിനു ഇത്രയേറെ പ്രതികരണമുണ്ടായത് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ 11നാണ് ബിരിയാണി സദ്യ എന്ന കോന്പോ ലഞ്ച് ജയിലിൽ നിന്നും പുറത്തിറക്കിയത്. ചപ്പാത്തിയടക്കമുള്ളവ ജയിലിലെ കൗണ്ടറുകളിൽ ലഭിക്കുന്പോൾ കോന്പോ ലഞ്ചിന് ഓണ്‍ലൈൻ വിപണി മാത്രമാണുള്ളത്. ആദ്യത്തെ ദിവസം 20 മിനുട്ടിൽ 55 എണ്ണമാണ് വിറ്റത്.
രണ്ടാഴ്ച മാത്രമെത്തുന്പോഴാണ് 1700 എന്ന വൻ നേട്ടത്തിലെത്തുന്നത്. 300 ഗ്രാം ബിരിയാണിയും, മൂന്ന് ചപ്പാത്തി, പൊരിച്ച കോഴിക്കാൽ, ചിക്കൻ കറി, സലാഡ്, കപ്പ് കേക്ക് എന്നിവയും ഒരു ലിറ്റർ കുപ്പിവെള്ളവുമുൾപ്പെടെയാണ് ഫ്രീഡം കോന്പോ ലഞ്ച് എന്ന ബിരിയാണി സദ്യയിൽ ഉള്ളത്. 127 രൂപയാണ് ഇതിന്റെ വില.
കുപ്പിവെള്ളം ഒഴിവാക്കിയാൽ 117 രൂപക്ക് കോന്പോ ലഞ്ച് വീട്ടിലെത്തും. തൃശൂർ നഗരത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് വിപണനം. അജിനമോട്ടോയും കൃത്രിമ നിറക്കൂട്ടുകളുമില്ലാതെ തയ്യാറാക്കുന്ന ബിരിയാണി തയ്യാറാക്കുന്നത്. വിശദമായ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് വിഭവം വിപണിയിലെത്തുന്നത്. ഓണ്‍ലൈനിൽ സ്വിഗി കന്പനി മാത്രമായിരുന്നു കോന്പോ ലഞ്ച് വിപണനത്തിന് സഹകരിച്ചിരുന്നത്. എന്നാൽ സുമാട്ടോയെന്ന ഓണ്‍ലൈൻ ശൃംഖലയിലൂടെയും ഇനി ഫ്രീഡം കോന്പോ ലഞ്ച് ലഭിക്കും. ഇതിന്റെ ചർച്ചയും പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതലാണ് സുമാട്ടോയിലൂടെ കോന്പോ ലഞ്ച് ലഭിച്ചു തുടങ്ങുക.