എസ്.രാജേന്ദ്രകുമാർ
വിഴിഞ്ഞം: ഓഖിയെ തുടർന്നുണ്ടായ തൊഴിൽ നഷ്ടത്തിലും കഷ്ടപ്പാടിലും നിന്നും കരകയറാൻ ജോലി തേടി സ്വന്തം തീരം വിട്ടു പോയ മൂന്നു മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഇന്നലെ ലോറി അപകടത്തിൽ പൊലിഞ്ഞത്.
പള്ളിത്തുറ കരിയിലക്കെട്ട് പുരയിടത്തിൽ ജസ്റ്റിൻ സിൽവടിമ (49) നെയും പുല്ലുവിള ഇരയിമ്മൻ തുറപുരയിടത്തിൽ കരുനന്പരം (56) നെയും പുല്ലുവിളകൊച്ചു പള്ളി കുട്ടി മീരാൻ തുറപുരയിടത്തിൽ ബർക്ക്മാൻ (47) നെയും ലോറി അപകടത്തിന്റെ രൂപത്തിലെത്തിയ വിധി തട്ടിയെടുത്തു.
വിഴിഞ്ഞം തീരത്തു നിന്ന് നേരത്തെ വള്ളമിറക്കിയിരുന്ന ഇവർക്ക് മതിയായ മീൻ കിട്ടാതെയായതോടെയാണ് ഇവർ കഷ്ടപ്പാടുകളിൽ നിന്നു കരകയറാൻ ബേപ്പൂരിലേക്കു വണ്ടി കയറിയത്. പക്ഷേ ആ യാത്ര അവരുടെ അവസാന യാത്രയായി. മത്സ്യത്തൊഴിലാളികളെ കണ്ണീരിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിന്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് ജസ്റ്റിൻ സിൽവടിമ.
ഓഖി വീശുന്നതിന് തലേ ദിവസം വൈകുന്നേരം വിഴിഞ്ഞത്ത് നിന്ന് വള്ളമിറക്കിയ ജസ്റ്റിനും സംഘവും ഉൾക്കടലിൽ മത്സ്യം പിടിക്കുന്നതിനിടയിൽ കാറ്റും കടലുമിളകി .അപകടം മണത്ത സംഘം വേഗത്തിൽ വള്ളമോടിച്ച് തീരത്തണഞ്ഞത് അന്ന് രക്ഷയായി. കടലടങ്ങിയതോടെ പേടി മാറ്റി വീണ്ടും മീൻ പിടിത്തം തുടങ്ങിയെങ്കിലും അടിക്കടിയുള്ള മൂന്നറിയിപ്പുകളും കാറ്റും കടൽക്ഷോഭവും വൻ തിരിച്ചടി ഇവർക്കു നൽകിയത്.
കിട്ടുന്ന പണം സ്വരുക്കൂട്ടി സ്വന്തമായൊരു വീടുണ്ടാക്കണമെന്ന മോഹവും തൊഴിൽ നഷ്ടത്തിൽ പൊലിഞ്ഞു. മക്കളായ സുകന്യയുടെയും, ശ്രുതിയുടെയും വിവാഹം കഴിഞ്ഞതോടെ കടബാധ്യത കൂടുതൽ വർധിച്ചു. കടം തീർക്കണമെന്ന ലക്ഷ്യത്തോടെയാണ് ബേപ്പൂരിലേക്ക് പുറപ്പെട്ടത്.
ക്രിസ്മസ് ആഘോഷവും കഴിഞ്ഞ് യാത്രക്ക് തയാറെടുക്കുന്പോഴും പുതുവർഷത്തലേന്ന് വീണ്ടും കാണാമെന്ന് വീട്ടുകാർക്ക് ഉറപ്പു നൽകിയാണ് അവർ തലസ്ഥാനം വിട്ടത്.ജസ്റ്റിന്റെ അപകട മരണം അറിയുന്നതിന് തൊട്ട് മുൻപ് അമ്മാവനായ ജോണിയും മരണമടഞ്ഞു.
അടുത്തടുത്ത രണ്ട് മരണങ്ങളും വീട്ടുകാർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഭാര്യ: മേഗ്ളിൻ, സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് വിഴിഞ്ഞം പഴയ പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ബേപ്പൂരിലേക്കുള്ള ആദ്യ യാത്രയായിരുന്നു കരുനന്പന്റേത്.മക്കളും മരുമക്കളും ചെറുമക്കളുമായി ചങ്ങാത്തം കൂടാനുള്ള ആഗ്രഹത്തിൽ എത്ര ദൂരെ പണിക്ക് പോയാലും ശനിയാഴ്ച ദിവസങ്ങളിൽ വീട്ടിലെത്തും.
നാട്ടിലെ വള്ളമിറക്കലിൽ തുടർച്ചയായി വന്ന നഷ്ടം നികത്താൻ അന്യനാട്ടിലേക്ക് പോകാൻ നിർബന്ധിതനായി. ഇതിനായി കുടുംബ വീടായ കൊച്ചു പള്ളി മേഖലയിലെ പരിചയക്കാരുമെത്ത് ബേപ്പൂരിലേക്ക് പോകാൻ തീരുമാനമെടുത്തു.തമിഴ്നാട് തൂത്തൂർ ,മാർത്താണ്ഡൻ തുറ, കുളച്ചൽ എന്നിവിടങ്ങളിൽ നിന്നുള്ള പന്ത്രണ്ട് പേരുമായെത്തിയ ബസിൽ കൊച്ചു പള്ളിയിൽ നിന്നുള്ള സംഘവും യാത്രയായി.
മണിക്കൂറുകൾക്കുള്ളിൽ വീട്ടുകാരെത്തേടിയെത്തിയത് മരണവാർത്തയായിരുന്നു. ഭാര്യ പുഷ്പമ്മ. സുനിൽ, സുനി, സുനിത എന്നിവർ മക്കളാണ്.സംസ്കാരം ഇന്ന് പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ചർച്ച് സെമിത്തേരിയിൽ നടക്കും.മഞ്ഞപ്പിത്തം ഉൾപ്പെടെ നിരവധി രോഗങ്ങൾക്കടിമയായ ബർക്കുമാ ന് വയ്യായ്മക്കിടയിലും കുടുംബത്തിന്റെ പട്ടിണിയകറ്റുകയായിരുന്നു ലക്ഷ്യം.
ക്രിസ്മസ് അവധിക്ക് ശേഷം ബേപ്പൂരിലേക്ക് ഇന്നലെ പുറപ്പെടാനായിരുന്നു ആദ്യതീരുമാനം. എന്നാൽ സഹപ്രവർത്തകർ തിങ്കളാഴ്ച യാത്ര തിരിക്കുമെന്നറിയിച്ചതോടെ തീരുമാനം മാറ്റിയത് മരണത്തിലേക്ക് വഴിതെളിച്ചു.കിടന്നുറങ്ങാൻ അടച്ചു റപ്പുള്ളൊരു വീടില്ലെങ്കിലും പട്ടിണിക്കിടയിൽ മൂത്തമകൾ ബൻസിയെ നഴ്സിംഗ് പഠനത്തിനയച്ചു.
ചേച്ചിയുടെ പഠനത്തിന് പണമില്ലാതെ വന്നതോടെ അനുജൻസിബിൻ പ്ലസ് ടു പഠനശേഷം കടൽപ്പണിക്കിറങ്ങി.ബർക്ക്മാനും കരുനന്പരവും ഉൾപ്പെടെ പതിനെട്ടോളം പേരാണ് പുല്ലുവിളയിൽ നിന്ന് യാത്ര പുറപ്പെട്ടത്.ഇവർ നൽകിയ അന്തിമോപചാരത്തിന് ശേഷം ബർക്ക്മാന്റെ മൃതദേഹം പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.
സിബിൾ ആണ് ബർക്ക്മാന്റെ ഭാര്യ. നിധിൻ മറ്റൊരു മകനാണ്. മരിച്ച പുല്ലുവിള സ്വദേശികളായ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി.