വിഴിഞ്ഞം: കരിങ്കല്ലെത്താത്തതിനാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം പ്രതിസന്ധിയിലാകുന്നു. പ്രതിസന്ധി തീർക്കാൻ സർക്കാർ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്. കരാർ പ്രകാരം തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തീകരിക്കാൻ രണ്ടു മാസം മാത്രം അവശേഷിക്കെ പുലിമുട്ട് നിർമാണത്തിനാവശ്യമായി കരിങ്കല്ല് ലഭിക്കാത്തതാണ് നിർമാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
നേരിടുന്ന കാലതാമസമാണ് അദാനിഗ്രൂപ്പ് കടുത്ത നിലപാടുമായി രംഗത്തെത്താൻ കാരണമായത്.കൂടാതെ പദ്ധതിയുടെ കാലതാമസത്തിന് കാരണമായ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സർക്കാരിന് അവലോകന റിപ്പോർട്ടും നൽകിയതായും പറയപ്പെടുന്നു.മൂന്നു കിലോമീറ്റർ നീളത്തിൽ വേണ്ട പുലിമുട്ടിന്റെ 650 മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്.
പുലിമുട്ടിനാവശ്യമായ കല്ല് ലഭിക്കാതെ വന്നത്കാരണം പുലിമുട്ട് നിർമാണം ഒരു വർഷത്തിലേറെയായി നിലച്ചിരിക്കുകയാണ്.പ്രക്ഷുബ്ദമായ കടലും പുലിമുട്ട് നിർമാണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.നിർമാണാവശ്യങ്ങൾക്കായി പ്രതി ദിനം 15000 മെട്രിക് ടൺ കല്ലാണ് വേണ്ടത്.നിലവിൽ 3000 മെട്രിക് ടൺകല്ലുകൾ മാത്രമാണ് ലഭിക്കുന്നത് .
കല്ലിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പല പ്രാവശ്യം കത്ത്നൽകിയെങ്കിലും നിർമാണ കമ്പനിയുടെ ഉത്തരവാദിത്വമാണ് എന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ തുടക്കത്തിൽ പ്രശ്നത്തിൽ ഇടപെടാൻ തയാറായില്ല . തുടർന്ന് കല്ലിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ തുറമുഖനിർമാണം നിറുത്തിവയ്ക്കുമെന്ന് കടുത്ത നിലപാട് അദാനി ഗ്രൂപ്പ് സ്വീകരിച്ചതോടെയാണ് സർക്കാർ ഇടപെടൽഉണ്ടായത് .
19 ക്വാറികളിൽ കല്ലെടുക്കാൻ അനുമതി തേടിയ അദാനി ഗ്രൂപ്പിന് മൂന്നിടത്തുനിന്ന് കല്ലെ ടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്.തുറമുഖ നിർമാണത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച പാക്കേജ് വിതരണം ചെയ്യുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതും തിരിച്ചടിയായി.തുറമുഖ കമ്പനിയായ വിസിലിന്റെ ഉദ്യോഗസ്ഥരടക്കം പുനരധിവാസ പാക്കേജ് വിതരണകാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പുനരധിവാസ പാക്കേജ് ഇനിയും കിട്ടാത്ത നിരവധി മത്സ്യത്തൊഴിലാളികൾ ഇവിടെയുണ്ട്.തങ്ങളെ പുനരധിവസിപ്പിക്കുന്നതിലും നഷ്ടപരിഹാരം നൽകുന്നകാര്യത്തിലുംഅധികൃതർ തികഞ്ഞ അനീതിയും അനാസ്ഥയുമാണ് കാട്ടുന്നതെന്ന് ഇവർആരോപിക്കുന്നു.
ഓഖിചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടമടക്കം ചൂണ്ടിക്കാട്ടിയ അദാനിഗ്രൂപ്പ് നാലുതവണ നിർമാണ കാലാവധി നീട്ടാൻ സർക്കാരിനോട് അനുമതിതേടിയെങ്കിലും മൂന്ന് തവണയും സർക്കാർ ഈ ആവശ്യം തള്ളി.ഇത് സംബന്ധിച്ച്അവസാനം നൽകിയ അപേക്ഷ പരിശോധിക്കാൻ സർക്കാർ വിദഗ്ധസമിതിക്ക് കൈമാറിയതോടെ അനു കൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദാനി ഗ്രൂപ്പ്.