കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും തുറമുഖ നിർമ്മാണ കരാർ കന്പനിയായ ഹോവെ എഞ്ചിനിയറിംഗ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹർജികൾ ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. വിഷയത്തിൽ കോടതി സർക്കാർ നിലപാട് ആരാഞ്ഞു.
മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹർജികൾ നൽകിയിരിക്കുന്നത്. കന്പനി ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാജീവനക്കാർ എന്നിവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹർജിയിൽ പറയുന്നു.
സർക്കാരുമായുള്ള കരാർ പ്രകാരം തുറമുഖ നിർമാണം തുടരേണ്ടതുണ്ട്. തുറമുഖത്തേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം.
അതിനാൽ വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പോലീസിനെയോ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പോലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.