വിഴിഞ്ഞം: കോവളത്തെ 14 കാരിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്ക (50) ഇവരുടെ മകൻ ഷഫീക്ക് (23) എന്നിവരെ കോവളം പോലീസ് കസ്റ്റഡിയിൽ വാങ്ങി.
ഉപദ്രവകാരിയായ ഷഫീക്കിനെക്കുറിച്ചുള്ള വിവരം മാതാപിതാക്കളെ അറിയിക്കുമെന്നുള്ള കുട്ടിയുടെ വാക്കുകളാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
മകനുമായുള്ള തർക്കം തീർക്കാൻ വിളിച്ചുവരുത്തിയ പെൺകുട്ടി ഷഫീക്കയോട് കയർത്ത് സംസാരിച്ചതോടെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു.
വഴക്ക് മൂത്തതോടെ ബലം പ്രയോഗിച്ച് കുട്ടിയുടെ തല ചുവരിൽ മൂന്ന് പ്രാവശ്യം ഇടിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ചെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.
കുട്ടി തളർന്ന കട്ടിലിൽ കിടന്നതോടെ അമ്മയും മകനും രക്ഷപ്പെടുകയായിരുന്നു. 2021 ജനുവരി 14 ന് രാവിലെ അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും പ്രതികൾ മുന്നിട്ട് നിന്നതായി പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മരണത്തിലുണ്ടായ ദുരൂഹത മാതാപിതാക്കളിലേക്ക് തിരിച്ച് വിട്ട് പോലീസ് ചോദ്യം ചെയ്യൽ നടത്തുന്പോഴും റഫീക്കയും മകനും മറ്റൊരു കൊലക്ക് വട്ടം കൂട്ടുകയായിരുന്നു.
ആദ്യ കൊലക്കുശേഷം ഒരു വർഷം കഴിഞ്ഞ് കഴിഞ്ഞ ജനുവരി 14 ന് മുല്ലൂർ സ്വദേശി ശാന്തകുമാരിയെ അരുംകൊല നടത്തുന്നതുവരെ തുടർന്നു ഇവരുടെ മനസിലെ നിഗൂഡത.
ശാന്തകുമാരിയുടെ കൊലപാതകത്തിനും ഒരു മാസം മുൻപ് വരെയും ബാലികയുടെ വീടിന് സമീപം താമസിച്ചിരുന്ന കൊലയാളികളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പോലീസും മെനക്കെട്ടില്ല.
കഴിഞ്ഞ ജനുവരി 14 ന് മുല്ലൂരിൽ വയോധികയായ ശാന്തകുമാരിയെചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ റിമാൻഡിലായിരുന്ന പ്രതികളെ അഞ്ചു ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
14 കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും തെളിവെടുപ്പിനുമായാണ് ഇന്നലെ പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
കോവളം സി ഐ പ്രൈജുവിനാണ് അന്വേഷണ ചുമതല. ഏറെ ദുരൂഹത നിറഞ്ഞ ബാലികയുടെ കൊലയും മുല്ലൂരിലെ കൊലപാതകത്തിന് സമാന രീതിയിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു.
കൂടാതെ കോവളം സ്റ്റേഷൻ പരിധിയിലെ തന്നെ കല്ലുവെട്ടാൻകുഴി തുംബ്ളിയോട് അഞ്ചു വർഷം മുൻപ് നടന്ന യുവതിയുടെ ദുരൂഹ മരണത്തിലും ഇവരുടെ പങ്ക് സംശയിക്കുന്നതിനാൽ ഇക്കാര്യവും അന്വേഷിക്കുമെന്ന്കോവളം പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്യൽ തുടരുന്നതിനിടയിൽ ഇന്ന് കൊല നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.