വിഴിഞ്ഞം: നിയമക്കുരുക്കിൽ പെട്ട് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റൻ ടഗ് കടലിൽ മറിഞ്ഞ് താണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വകുപ്പിന്റെ പഴയ പട്രോൾ ബോട്ടും തകർത്തു. വ്യാഴാഴ്ച പുലർച്ചെ വലിയ ശബ്ദത്തോടെയാണ് ബോട്ട് മറിഞ്ഞത്.
അഞ്ച് വർഷം മുമ്പ് ഇന്ധനവും വെള്ളവും തീർന്നതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് വിഴിഞ്ഞം തീരത്തടുത്ത മുംബൈ നിന്നുള്ള ബ്രഹ്മേശ്വര എന്ന കൂറ്റൻ ടഗാണ് മറിഞ്ഞത്. വിഴിഞ്ഞം തീരത്തടുത്തശേഷം ജീവനക്കാരും ഉടമകളും തമ്മിൽ ഉടലെടുത്ത വേതനം സംബന്ധിച്ച തർക്കത്ത തുടർന്ന് നിയമക്കുരുക്കിലായ ടഗ് ഇവിടെ കുടുങ്ങുകയായിരുന്നു.
ക്രമേണ ജീവനക്കാരും ഉടമകളും ഉപേക്ഷിച്ചതോടെ അനാഥമായ ടഗിനെ ഇവിടെ നിന്ന് മാറ്റണമെന്ന തുറമുഖ വകുപ്പധികൃതരുടെ നിരന്തരമായ ആവശ്യം ഉടമകൾ ചെവിക്കൊണ്ടില്ല. മുംബൈയിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കടം ജപ്തിയിലൂടെ ഈടാക്കാനുള്ള കോടതി വിധിയുമായി ബാങ്ക് അധികൃതർ വിഴിഞ്ഞത്തെത്തിയെങ്കിലും മതിയായ വില ലഭിക്കാത്തതിനാൽ ലേലനടപടികൾ പൂർത്തിയായില്ല. വർഷങ്ങളായി കാറ്റും മഴയും ഏറ്റ് തുരുമ്പിച്ച് വെള്ളം കറിയ ടഗിനെ വീണ്ടും ലേലം ചെയ്യാനിരിക്കെയാണ് പുലർച്ചെ ടഗ് കടലിൽ താണത്.