വിഴിഞ്ഞം: മത്സ്യബന്ധന സീസൺ പടിവാതിൽക്കൽ എത്തിയെങ്കിലും ഉണർവില്ലാതെ തീരം. ഓഖി ദുരന്ത ശേഷം അടിക്കടി വന്ന മുന്നറിയിപ്പുകളും പതിവ് തെറ്റിയുള്ള കാറ്റും കടൽക്ഷോഭവും സീസണിന്റെ ആവേശത്തിന് മങ്ങലേൽപ്പിച്ചു.
ട്രോളിംഗ് നിരോധന കാലമായ ജൂൺ മുതലാണ് വിഴിഞ്ഞത്തെ പരമ്പരാഗത മീൻ പിടിത്തക്കാരുടെ നല്ല കാലം. ഇക്കുറി അത് വിസ്മൃതിയിലാകുമേ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.
സീസണിന്റെ ആരവമറിയിച്ച് തമിഴ്നാട്ടിൽ നിന്നു പോലും കൂട്ടമായെത്തിയിരുന്നവരുടെ തിരക്ക് ഇക്കുറി നാമമാത്രമായി. മറ്റ് തുറമുഖങ്ങൾ പഞ്ഞമാസത്തിന്റെ ആലസ്യത്തിലാകുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അന്നം നൽകുന്ന വിഴിഞ്ഞം മുൻകാലങ്ങളിൽ തിരക്കിലാവുകയാണ് പതിവ്.
പക്ഷെ കാലാവസ്ഥാ വ്യതിയാനവും കടൽ ശാന്തമാകാത്തതും ഇക്കുറി ഭീതിയോടെ നോക്കിക്കാണുകയാണ് കടലിന്റെ മക്കൾ. ഏതു പ്രതികൂല സാഹചര്യത്തിലും കടലിന്റെ കനിവ് തേടി വള്ളമിറക്കുന്നവരായിരുന്നു വിഴിഞ്ഞത്തുകാർ. തീരത്തടുക്കാൻ സുരക്ഷയൊരുക്കി കോട്ട പോലെ മതിൽ തീർത്ത തുറമുഖമുണ്ടെന്ന വിശ്വാസവും അവർക്കുണ്ടായിരുന്നു.
പക്ഷേ കലിതുള്ളി വീശിയടിച്ച ഓഖിചുഴലിയും അതിന് മുൻപും ശേഷവും പലപ്പോഴായി തിരത്തേക്ക് ആഞ്ഞടിച്ച തിരമാലകളും സീസൺ കൊഴുപ്പിക്കാമെന്ന മത്സ്യത്തൊഴി ലാളികളുടെ പ്രതിക്ഷക്ക് മങ്ങലേൽപ്പിച്ചു.
ഒരു വർഷം മുൻപ് വരെയും സുരക്ഷിതമായിരുന്ന വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര തുറമുഖ നിർമാണവും തിരിച്ചടി നൽകിയതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. ചരിത്രത്തിലാദ്യമായി പലതവണ തുറമുഖത്തേക്ക് വീശിക്കയറിയ തിരമാലകൾ നങ്കൂരമിട്ടിരുന്ന വള്ളങ്ങൾക്ക് കേടുവരുത്തി.
വലയും മത്സ്യ ബന്ധന ഉപകരണങ്ങളും തകർത്തെറിഞ്ഞു. കഴിഞ്ഞ മാസം വരെയും ഇതാവർത്തിച്ചു. മൺസൂൺ മാസത്തിൽ കടലിന്റെ കലിതുള്ളൽ കൂടുകയാണ് പതിവ്. അലറിയടിക്കുന്ന തിരമാലകൾ തുറമുഖത്തിനുള്ളിലേക്ക് തള്ളിക്കയറിയാൽ ഇക്കുറി സീസന്റെ താളം തെറ്റുമെന്നും മത്സ്യത്തൊഴിലാ ളികൾ കരുതുന്നു.