വിഴിഞ്ഞം: വിഴിഞ്ഞത്തെ മറൈൻ ആംബുലൻസിന്റെ മേൽനോട്ടച്ചുമതലയുള്ള ഏജൻസിക്ക് ഫിഷറീസ് വകുപ്പ് മാസം തോറും നൽകുന്നത് മൂന്ന് ലക്ഷത്തിൽപ്പരം രൂപ.
ജീവനക്കാർക്ക് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ചെലവ് ഒന്നര ലക്ഷത്തോളമെന്നും ആക്ഷേപം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കെന്ന പേരിൽ ആറ് കോടിയിൽപ്പരം രൂപ മുടക്കി സർക്കാർ നിർമിച്ചിറക്കിയതാണ് മറൈൻ ആംബുലൻസ്.
സർക്കാരിന് നേരിട്ട് നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മേൽനോട്ടച്ചുമതല ഇൻലാന്റ് നാവിഗേഷൻ വിഭാഗത്തിന് നൽകി. അവർ നൽകിയ മറ്റൊരു ഏജൻസിയാണ് നിലവിൽ ജീവനക്കാരെ നൽകുന്നതെന്നു മറിയുന്നു.
ഏത് ദുർഘട സാഹചര്യവും അതിജീവിച്ച് കടലിൽ ബോട്ടിറക്കേണ്ടതിനാൽ കഴിവും പ്രാഗത്ഭ്യവുമുള്ളവരുമാകണം തൊഴിലാളികൾ എന്ന നിബന്ധനയും ഇവിടെ പാലിക്കപ്പെട്ടില്ല.
തുച്ഛമായ ശമ്പളം നൽകിയാൽ മതിയെന്നുള്ളതിനാൽ കപ്പൽ ജീവനക്കാരായി പെൻഷൻ പറ്റിയവരെയും യാതൊരുപരിജ്ഞാനവുമില്ലാത്ത ഏതാനും യുവാക്കളെയുമാണ് ഏജൻസികൾ ജീവനക്കാരായി നിയോഗിച്ചത്.
ആകെയുള്ള പതിനൊന്ന് ജീവനക്കാരിൽ സ്രാങ്ക്, ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചു പേർക്കുള്ള ശമ്പളം ഏജൻസി മുഖാന്തിരം നൽകുമ്പോൾ രണ്ട് പാരാമെഡിക്കൽ ജീവനക്കാർക്കും നാല് ലൈഫ് ഗാർഡുമാർക്കുമുള്ള ശമ്പളം ഫിഷറീസ് വകുപ്പ് നേരിട്ട് നൽകുമെന്നാണറിവ്.
ഇങ്ങനെ ഏജൻസിക്കു നൽകുന്ന മൂന്ന് ലക്ഷത്തി പതിനയ്യായിരത്തോളം രൂപയും അല്ലാതെയുമായി ആംബുലൻസിന്റെ തൊഴിലാളികൾക്ക് മാത്രം സർക്കാർ മാസം തോറും മുടക്കേണ്ടത് ലക്ഷങ്ങളാണ്. ഇതിലുപരി ഭാരിച്ച ഇന്ധനച്ചെലവും അറ്റകുറ്റപ്പണികൾക്കായി വരുന്ന പണവും ഖജനാവിൽ നിന്ന് നൽകണം.
കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായി അധികൃതർ നിർമിച്ചിറക്കിയ മൂന്ന് മറൈൻ ആംബുലൻസുകളിൽ ആദ്യത്തേതാണ് വിഴിഞ്ഞത്തിന് അനുവദിച്ച പ്രതീക്ഷ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങൾ വരെ അധികാര പരിധിയുള്ള പ്രതീക്ഷ വിഴിഞ്ഞത്ത് വന്ന് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു ജീവൻപോലും രക്ഷിച്ചിട്ടില്ല.
കഴിഞ്ഞ മാസം കോഴിക്കോടിനും വൈപ്പിനുമായി അനുവദിച്ച മറ്റ് രണ്ട് ആംബുലൻസുകളും നീറ്റിലിറങ്ങി. ഇവയും കൃത്യമായി ഓടണമെങ്കിൽ സർക്കാർ ലക്ഷങ്ങൾ മുടക്കണം.