വിഴിഞ്ഞം: സ്ത്രീധന പീഡനത്തിന് ഭർത്താവിനും കുടുംബക്കാർക്കുമെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതായി യുവതിയുടെ ആരോപണം. ആരോപണം ശരിയല്ലെന്നും നേരത്തെ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ്.
ആനാവൂർ സ്വദേശിനിയായ യുവതിയാണ് ഭർത്താവ് വെങ്ങാനൂർ ഉഴുന്നുവിള സ്വദേശി അഖിൽ പിതാവ് കുശകുമാർ, മാതാവ് ലളിതാംബിക, അഖിലിന്റെ സഹോദരൻ രാജേഷ് എന്നിവർക്കെതിരെ പരാതി നൽകിയത്.
പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ജനുവരിയിലാണ് യുവതിയും അഖിലും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബറിൽ യുവതി പരാതിയുമായി സ്റ്റേഷനിൽ എത്തി.
വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാതെ വിവാഹ മോചനത്തിനായി കോടതിയിൽ കേസ് നൽകാനാകില്ലെന്ന് അറിഞ്ഞതോടെ സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരിച്ച് നൽകിയാൽ മതിയെന്നുള്ള വ്യവസ്ഥയിൽ ഇരുകൂട്ടരും പിരിയുകയായിരുന്നു.
അഖിലിന്റെ വീട്ടുകാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് യുവതിയുടെ പരാതിയെ തുടർന്ന് ഒക്ടോബർ ഒന്നിന് സ്ത്രീധന നിരോധന നിയമപ്രകാരം അഖിലിനും വീട്ടുകാർക്കുമെതിരെ കേസെടുത്തെന്നും പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയെ സമിപിച്ചെന്നും കോടതിയുടെ തീരുമാനം വന്ന ശേഷം തുടർ നടപടിയുണ്ടാകുമെന്നും വിഴിഞ്ഞം പോലീസ് പറയുന്നു.