വിഴിഞ്ഞം : വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഒരു വർഷത്തെ കൗണ്ട് ഡൗൺ കലണ്ടർ പുറത്തിറക്കുന്നു.,
കരാർ പ്രകാരമുള്ള ആദ്യഘട്ട പൂർത്തീകരണത്തിന്റെ കാലാവധികഴിഞ്ഞിട്ടും നിർമാണം ഇഴയുന്ന തുറമുഖത്തിന്റെ വേഗം കൂട്ടാനാണ് കൗണ്ട് ഡൗൺ കലണ്ടറുമായി മന്ത്രി അഹമ്മദ് ദേവർ കോവിൽ രംഗത്തെത്തിയത്.
തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി കൗണ്ട് ഡൗൺ കലണ്ടറൊരുക്കുന്ന കാര്യം മന്ത്രി വെളിപ്പെടുത്തിയത്.
ഓരോ ഘട്ടവും അടയാളപ്പെടുത്തിയും സമയബന്ധിതമായി പൂർത്തിയാകുന്നുവെന്ന് ഉറപ്പുവരുത്തുകയുമാണ് കലണ്ടറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
2015 ൽനിർമാണം ആരംഭിച്ച കേരളത്തിന്റെ സ്വപ്ന പദ്ധതി കരാറനുസരിച്ച് 2019 ൽ ആദ്യഘട്ടം പൂർത്തിയാക്കേണ്ടതായിരുന്നെങ്കിലും നടന്നില്ല.
മന്ത്രി ഒരു വർഷമെന്ന് പറയുമ്പോഴും ആദ്യഘട്ടം പൂർത്തിയാക്കാൻ ഇനിയും മൂന്ന് വർഷത്തെ സാവകാശം കൂടി വേണമെന്ന ആവശ്യമാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഇത് അംഗീകരിക്കാത്ത സർക്കാർ അടുത്ത വർഷം ഡിസംബറോടെയെങ്കിലും ആദ്യഘട്ട നിർമാണം പൂർത്തിയാക്കി 2023 ആദ്യം വിഴിഞ്ഞത്ത് ചരക്ക് കപ്പലടുപ്പിക്കാനാകണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് കൗണ്ട് ഡൗൺകലണ്ടർകൂടി തയാറാക്കി നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനുള്ളപുതിയ നീക്കം .
തുറമുഖ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് ശേഷം ഇതുവരെ അഞ്ചിലേറെ പ്രാവശ്യം മന്ത്രി വിഴിഞ്ഞത്ത് നേരിട്ടെത്തി നിർമാണ പ്രവർത്തനങ്ങൾവിലയിരുത്തി.
കൂടാതെ പരിഹാരത്തിനായി വിസിലിന്റെയും അദാനി പോര്‍ട്ടിന്റെയും അംഗങ്ങളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റിരൂപീകരിച്ചു.
ഇതിന്റെ മേൽനോട്ടത്തിനായി പുതിയ വിസില്‍ എംഡിയായി മുൻ ജില്ലാ കളക്ടറർ ഗോപാല കൃഷ്ണനെ നിയമിച്ച് വിഴിഞ്ഞം പദ്ധതി പ്രദേശത്ത് വിസിലിന്റെ ഓഫീസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.