തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി അഹമ്മദ് ദേവർകോവിൽ എംഎൽഎയും എം. വിൻസെന്റ് എംഎൽഎയും. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഒരു ചാനലിലൂടെ വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം. വിൻസെന്റ് എംഎൽഎയാണെന്ന് ആരോപിച്ചിരുന്നു.
സമരത്തിന് പിന്നിൽ വിൻസെന്റ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ കരങ്ങളുണ്ടെന്നായിരുന്നു അഹമ്മദ് ദേവർകോവിലിന്റെ ആരോപണം. ഉമ്മൻ ചാണ്ടി സർക്കാർ കരാറിൽ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഫണ്ട് നീക്കി വച്ചിരുന്നില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. അദാനിക്ക് പൂർണ സ്വാതന്ത്രമുള്ള കരാറിലാണ് ആ സർക്കാർ ഒപ്പുവച്ചത്. ആ സർക്കാറിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും ദേവർകോവിൽ വിമർശിച്ചിരുന്നു.
ആരോപണത്തിനു മറുപടിയുമായി എം. വിൻസെന്റ് എംഎൽഎ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണം എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലായിരുന്നെന്നും അഹമ്മദ് ദേവർകോവിൽ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും എം. വിൻസെന്റ് പറയുന്നു.
വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള നീക്കങ്ങൾക്ക് യഥാർഥത്തിൽ ശ്രമിച്ചത് അന്ന് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മറ്റ് മന്ത്രിമാരുമാണ്. സമരക്കാരെ പ്രകോപിച്ചതുകൊണ്ടാണ് സെക്രട്ടേറിയറ്റിൽനിന്നു മത്സ്യത്തൊഴിലാളികൾ തങ്ങളുടെ സമരം വ്യാപിപ്പിച്ചത്. ഇതൊന്നും പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും എം.വിൻസെന്റ് കുറ്റപ്പെടുത്തി.
താനോ തന്റെ പാർട്ടിയോ വിഴിഞ്ഞം പദ്ധതിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ അഹമ്മദ് ദേവർകോവിലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഉൾപ്പെടെ ആലോചിക്കുന്നുണ്ടെന്നും എം.വിൻസെന്റ് എംഎൽഎ പറയുന്നു.