പേരൂര്‍ക്കട: തിരുമല സ്വദേശിയായ ക്യാപ്റ്റന്‍ ഹരി കേരളത്തിന് എന്തുകൊണ്ടും അഭിമാനമാണ്. കാരണം ഒരു അഭിമാന നിമിഷത്തിന്റെ ഭാഗഭാക്കായി മാറിയ പേരാണ് അത്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോയ്ക്ക് നങ്കൂരമിടാന്‍ ചുക്കാന്‍ പിടിച്ചത് കപ്പലിന്റെ സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജര്‍ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരം സ്വദേശി ക്യാപ്റ്റന്‍ ജി.എന്‍ ഹരി (52) യാണ്. ഇദ്ദേഹമാണ് കപ്പലിനെ ആദ്യം തീരം തൊടുവിച്ചത്. ഔട്ടര്‍ ഏരിയയില്‍നിന്ന് കപ്പല്‍ ചാലിലൂടെ മദര്‍ഷിപ്പിനെ തുറമുഖത്തിലേക്ക് എത്തിച്ചത് ഹരിയുടെ നേതൃത്വത്തിലാണ്.
സിംഗപ്പൂരിലായിരുന്ന ഹരിയോട് കഴിഞ്ഞ ഞായറാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പോകണമെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. തുറമുഖത്തെയും കപ്പല്‍ ചാലിനെയും കാലാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് തീരുമാനങ്ങള്‍ വേഗത്തിലായിരുന്നു. അവയെല്ലാം പിഴവില്ലാതെ നടപ്പിലാക്കാനായ നിര്‍വൃതിയിലാണ് ഇപ്പോള്‍ ഹരി.
മഴയും കാറ്റുമില്ലാത്ത അന്തരീക്ഷം കപ്പലിനെ തീരമടുപ്പിക്കാന്‍ അനുകൂലമായെന്ന് ജി.എന്‍ ഹരി പറയുന്നു. 6700ല്‍ അധികം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 1200 കണ്ടെയ്നര്‍ വിഴിഞ്ഞത്ത് ഇറക്കിയശേഷം വെള്ളിയാഴ്ച കപ്പല്‍ തിരികെ പോകും.
സിംഗപ്പൂര്‍ കമ്പനിയാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വാട്ടര്‍ സല്യൂട്ട് നല്‍കിയാണു കഴിഞ്ഞ ദിവസം കപ്പലിനെ വിഴിഞ്ഞം തുറമുഖം സ്വീകരിച്ചത്.
പ്രശാന്ത്