തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മറ്റ് മത്സ്യത്തൊഴിലാളികൾ രംഗത്ത്. ഇത്തരം ഘട്ടങ്ങളിൽ തെരച്ചിലിന് പോകുന്ന സമയത്ത് കടലിൽ പോയി അനുഭവ സമ്പത്തുള്ള തൊഴിലാളികളെ കൂടെക്കൂട്ടണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഇനിയെങ്കിലും അധികാരകൾ മനസിലാക്കണമെന്ന് അവർ പറഞ്ഞു.
കോസ്റ്റ്ഡ്ഗാർഡ് 12 നോട്ടിക്കൽ മൈൽ ദൂരത്ത് മാത്രമാണ് തെരച്ചിൽ നടത്തിയത്. മത്സ്യത്തൊഴിലാളികളാകട്ടെ 28 നോട്ടിക്കൽ മൈൽ ദൂരത്തു നിന്നാണ് കാണാതായവരെ കണ്ടെത്തിയതെന്നും അവർ വ്യക്തമാക്കി. ഓഖിയിൽ നിന്നും മറ്റ് ദുരന്തങ്ങളിൽ നിന്നുമൊന്നും സർക്കാരുകൾ ഇനിയും പാഠം പഠിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി.
ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ദുരിതവും സുരക്ഷയുമെല്ലാം സംബന്ധിച്ച് നിയമസഭയിൽ പ്രത്യേകം ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.