വിഴിഞ്ഞം: ഓഖിക്കു പിന്നാലെ ടൗട്ടെ ചുഴലിക്കാറ്റും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തെപ്രതിസന്ധിയിലാക്കി. നിർമാണം പുരോഗമിക്കുകയായിരുന്ന പുലിമുട്ടിന്റെ കല്ലുകളും കടൽക്ഷോഭത്തിൽഒലിച്ചുപോയി.
കോട്ടപ്പുറം കരിമ്പള്ളിക്കര തീരത്തുനിന്ന് 3.1 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പുലിമുട്ടിന്റെ 175 മീറ്റർ ഭാഗം തിരയടിയിൽ തകർന്നു. പ്രാഥമിക പരിശോധനയിലാണ് ഇത്രയും ഭാഗത്തെ കരിങ്കല്ല്ഒലിച്ചുപോയതായി കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു.
ജില്ലയിലെ പാറമടകളിൽ നിന്നും തമിഴ്നാട്ടിൽനിന്നും എത്തിച്ച മൂന്നുലക്ഷത്തോളം ടൺ കരിങ്കല്ല് ഉപയോഗിച്ചാണ് ഉൾക്കടൽ വരെ 850മീറ്ററോളം നീളത്തിൽ പുലിമുട്ട് നിർമാണം പൂർത്തീകരിച്ചത്. തിരയടിയിൽ ഇതിന്റെ 200 മീറ്ററോളം ഭാഗം നേരത്തെയുംകടലെടുത്തിരുന്നു.
കേടുപാടിന്റെ യഥാർഥ ചിത്രം ലഭിക്കണമെങ്കിൽ സാങ്കേതിക പരിശോധന ആവശ്യമാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ദിവസങ്ങൾക്കകം കാലവർഷം തുടങ്ങുന്നതോടെ തുറമുഖ നിർമാണം വീണ്ടും മന്ദഗതിയിലാകും. കരാർ പ്രകാരം 2019 ഡിസംബറിൽ തുറമുഖം പ്രവർത്തനം തുടങ്ങേണ്ടതായിരുന്നു.
2017 ൽ വീശിയ ഓഖി ചുഴലിക്കാറ്റില്‍ പദ്ധതി പ്രദേശത്തുണ്ടായ നാശനഷ്ടം ചൂണ്ടിക്കാണിച്ച്അദാനി ഗ്രൂപ്പ് സമയം നീട്ടി ചോദിച്ചിരുന്നു. അടിക്കടിയുണ്ടാകുന്നപുലിമുട്ടിന്റെ തകർച്ച തുറമുഖത്തിന്റെ നിർമാണത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
കാലവർഷം കൂടുതൽ ശക്തിപ്പെടുന്നതോടെ തുറമുഖ നിർമാണത്തിന്റെ പൂർത്തികരണത്തെയും ബാധിക്കുമെന്ന് അധികൃതർ പറഞ്ഞു.