തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയ്നുകളും വഹിച്ചുകൊണ്ടുള്ള നാലാമത്തെ കപ്പൽ ഇന്നെത്തും. രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും മൂന്ന് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.
വിഴിഞ്ഞത്ത് ആദ്യംഎത്തിയ ഷെൻ ഹുവ 15 എന്ന കപ്പൽ ആണ് ഇന്ന് വീണ്ടുമെത്തുന്നത്. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോർ ക്രെയ്നുകളും 11 യാർഡ് ക്രെയ്നുകളുമാകും. ഈ ക്രെയിനുകൾ പ്രവർത്തനസജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകൾ എത്തിക്കുക.
ഇന്ന് ഉച്ചയ്ക്ക് മുന്പ് കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടേക്കും. ഒക്ടോബർ 12നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്. ഇതിൽ രണ്ട് യാർഡ് ക്രെയിനുകളും ഒരു ഷിഫ്റ്റ് ഷോർ ക്രെയിനുമാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇതിന് ശേഷം നവംബർ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തി.
ഇതിൽ ഒരു ഷിഫ്റ്റ് ടു ഷോർ ക്രെയിനും മൂന്ന് യാർഡ് ക്രെയിനുകളുമാണ് ഉണ്ടായിരുന്നത്. നവംബർ 27നാണ് വിഴിഞ്ഞത്ത് മൂന്നാമത്തെ കപ്പലെത്തിയത്.
രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം തുറമുഖം. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുള്ളത്.