തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ച് ഹിന്ദു ഐക്യവേദി നടത്തുന്ന മാർച്ചിനെതിരെ പോലീസ് നോട്ടീസ് നൽകി. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്നും അക്രമമുണ്ടായാൽ നേതാക്കൾക്കെതിരെ കേസെടുക്കും എന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രകോപനപരമായ പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ട് മാർച്ച് നടത്താനാണ് ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നത്.
ലത്തീൻ സഭയുടെ സമരത്തെ എതിർത്തുകൊണ്ട് നടത്തുന്ന മാർച്ച് സമരവേദിയിലേക്ക് എത്തിയാൽ സംഘർഷത്തിന് കാരണമാകുമോ എന്ന ആശങ്ക പോലീസിനുണ്ട്. പോലീസ് അനുമതിയില്ലാതെ മാർച്ച് നടത്താനാണ് ശ്രമം.
വിഴിഞ്ഞം മേഖലയിൽ 600 പൊലീസുകാരെ വിന്യസിക്കാൻ തീരുമാനമായി. അതേസമയം വിഴിഞ്ഞം സംഘർക്ഷവുമായി ബന്ധപ്പെട്ട കേസുകളിൽ നിയമനടപടി തുടരാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം നൽകി.
ഇതിനായി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി അഡ്മിനിസ്ട്രേഷന് ഡിസിപി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ നാല് ഡിവൈഎസ്പിമാരടങ്ങിയ സംഘമാണ് കേസുകൾ കൈകാര്യം ചെയ്യുക.
വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി സ്പെഷൽ ഓഫീസറായി നിയമിക്കപ്പെട്ട തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനി വിഴിഞ്ഞം സന്ദര്‍ശിച്ചു. പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിര്‍ദ്ദേശവും തുടരുകയാണ്.
പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തതിന് 3000 പേർക്കെതിരെ കേസെടുത്തുവെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്റ്റേഷൻ ആക്രണത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേർ ഇന്നലെ ആശുപത്രിവിട്ടിരുന്നു.