വിഴിഞ്ഞം : വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്ത് സുരക്ഷ ഉറപ്പാക്കാൻ കാമറകളും അഗ്നിരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്നു. കസ്റ്റംസിന്റെ ഐഎസ്പിഎസ് കോഡ്പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാമറകളും തീപിടുത്തത്തെ നേരിടാനുള്ള ആധുനിക ഉപകരണങ്ങളുമാണ് സ്ഥാപിക്കുന്നത്.
രാത്രിദൃശ്യങ്ങളടക്കം പകർത്താൻ കഴിയുന്ന അത്യാധുനിക ഇൻഫ്രാ റെഡ് കാമറകളാണ് സ്ഥാപിക്കുക. ഇതോടെ തീരസുരക്ഷയ്ക്കുപുറമേ ഇവിടെ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്ന യാനങ്ങൾ , പഴയ വാർഫിൽവന്നുപോകുന്ന വിദേശ ആഡംബര കപ്പലുകൾ , ചരക്കുകപ്പലുകൾ ഇവയിൽ നിന്നും ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സാധനങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും കാമറ ഒപ്പിയെടുക്കും.
കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ ഇപ്പോൾ തന്നെ കാമറ നിരീക്ഷണത്തിലാണ്. ഇതേ മാതൃകയിലാണ് വിഴിഞ്ഞം തുറമുഖത്തും കാമറകൾ സ്ഥാപിക്കുന്നതെന്നും ഇതിന്റെ രൂപ രേഖ ബന്ധപ്പെട്ടവർക്ക് കൈമാറിയതായും സർക്കാർ അനുമതി ലഭിക്കുന്നതോടെ ലീവേർഡ് വാർഫിലും സീവേർഡ്വാർഫിലും കാമറകൾ സ്ഥാപിക്കുമെന്ന് തുറമുഖ വകുപ്പധികൃതർ പറഞ്ഞു.
ഫയർ ആൻഡ് സേഫ്റ്റി അധികൃതരുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ആധുനിക അഗ്നിരക്ഷാ ഉപകരണങ്ങൾ വിഴിഞ്ഞത്ത് സ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും കിറ്റ്കോ എന്ന ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോർട്ട് അധികൃതർ പറഞ്ഞു. കേരളത്തിൽനിലവിൽ കൊല്ലം തുറമുഖത്ത് മാത്രമാണ് അഗ്നി രക്ഷാ ഉപകരണങ്ങൾസ്ഥാപിച്ചിട്ടുള്ളത്.