തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ആദ്യം ക്ഷണിക്കാതിരുന്നത് വിവാദമായതിനു പിന്നാലെ കേന്ദ്രസർക്കാർ പരസ്യത്തിൽ കേരളത്തെ തഴഞ്ഞെന്ന് ആക്ഷേപം.
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് സംബന്ധിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യത്തിലാണ് കേരളത്തിനെ പറ്റി ഒരു പരാമർശവുമില്ലാത്തത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യത്തിൽ കേരളത്തിനെപ്പറ്റി ഒരു പരാമര്‍ശവുമില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ പേരുപോലുമില്ല.
8.867 കോടിയാണ് പദ്ധതി ചിലവെന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ വെബ്സൈറ്റില്‍ പറയുമ്പോള്‍ പതിനെണ്ണായിരം കോടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പരസ്യത്തില്‍ പറയുന്നത്. ദക്ഷിണ ഏഷ്യയിലെ ആദ്യ ഓട്ടോമാറ്റഡ് തുറമുഖം കൂടിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മെയ് രണ്ടിന് തുറമുഖം രാജ്യത്തിന് സമർപ്പിക്കും.
നാളെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് കമ്മീഷനിംഗ് ചടങ്ങ്.