തിരുവനന്തപുരം: വിഴിഞ്ഞത്ത് നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ആളുകളെ സഭ നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍.
യൂജിൻ എച്ച് പെരേര. സർക്കാർ തങ്ങളുടെ അനുമതിയില്ലാതെയാണ് നാളത്തെ ഉദ്ഘാടന പരിപാടിയുടെ നോട്ടീസിൽ ആർച്ച് ബിഷപ്പിന്റെയും സൂസപാക്യം തിരുമേനിയുടെയും പേര് വച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഭരണാധികാരികൾ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ട് വരുന്നതിനെയാണ് സർക്കാർ ആഘോഷിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സഭ ഒപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് അറുപത് ശതമാനം പണികൾ മാത്രമാണ് പൂർത്തിയായത്. സഹകരണ മേഖലയിൽ ഉൾപ്പെടെ സർക്കാരിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ സാധിക്കില്ല. സമരസമയത്ത് സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല.
നാളത്തെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് സഭ ആരെയും വിലക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടൻ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്.
തുറമുഖം ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവിൽ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ നാനൂറിൽപരം പൊലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്.
കോസ്റ്റൽ പൊലീസിന്റെ 10 ബോട്ടുകളാണ് ചൈനയിൽ നിന്ന് എത്തിയ ചരക്കു കപ്പലിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.