വിഴിഞ്ഞം: ഒറ്റ ദിവസം നാല് പടുകൂറ്റൻ വിദേശചരക്കുകപ്പലുകൾ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം ക്രൂചേഞ്ചിംഗ് ഡബിൾ സെഞ്ച്വറി തികച്ചു. ഒന്പത് മാസത്തിനിടയിൽ 201 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു.
ചുരുങ്ങിയ കാലത്തിനുള്ളിൽ യാത്രക്കിടയിൽ തൊഴിലാളികളെ ഇറക്കാനും കയറ്റാനുമായി കപ്പലുകൾക്ക് ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ മൈനർ തുറമുഖങ്ങളിൽ ഒന്നാമൻ എന്ന പദവിക്കും വിഴിഞ്ഞം അർഹമായി.
ഈ മേൽക്കോയ്മ ഇല്ലാതാക്കാൻ ഇനി ആർക്കുമാകില്ലെന്നും അധികൃതർ പറയുന്നു .ഇന്നലെ രാവിലെ ഒന്പതരയോടെ 198-നായി ഓയിൽ ടാങ്കർ എസ്ടിഐ ലാവൻഡർ എത്തി.
സിംഗപ്പൂരിൽ നിന്ന് യുഎഇയിലെ ഫ്യുജറ തുറമുഖത്തേക്കുള്ള യാത്രാമധ്യേ ക്രൊയേഷ്യൻ സ്വദേശികളായ രണ്ട് പേർ ഉൾപ്പെടെ ഒന്പത് പേരെ ഇറക്കാനും ഏഴ് പേരെ കയറ്റുകയുമായിരുന്നു ലക്ഷ്യം. ഇതിന് ശേഷം9.38 ഓടെ എസ്ടിഐ കിംഗ്സ് വേയും നങ്കൂരമിട്ടു.
സിംഗപ്പൂരിൽ നിന്ന് യുഎയിലേക്ക് പോകുന്നതിനിടയിൽ ഒന്പത് പേരെ കയറ്റുകയും ഒന്പത് പേരെ ഇറക്കി. മാരിടൈം ബോർഡിന്റെ എം.ടി. ധ്വനി എന്ന ടഗിൽ ഇതിലെ യാത്രക്കാരെ തീരത്തടുപ്പിക്കുന്നതിനിടയിൽ ഇരുന്നൂറ് തികച്ച് മറ്റ് രണ്ട് ക്രൊയേഷ്യക്കാരുമായി മാർ ഷൽദ്വീപ് രജിസ്ട്രേഷനുള്ള സാവൈൽറോയും എത്തി.
സിംഗപ്പൂരിൽ നിന്ന് യുഎയിലേക്ക് പോകുന്നതിനിടയിൽ നാല് പേരെ ഇറക്കുകയും നാല് പേരെ കയറ്റുകയും ചെയ്തു.
അതിന് ശേഷം 201 -മനായി സൗദി അറേബ്യയിൽ നിന്ന് ഓയിലുമായി സിംഗപ്പൂരിലേക്ക് പോകുന്നതിനിടയിൽ ഒരാളെ ഇറക്കാനും രണ്ട് പേരെ കയറ്റാനുമായി എസ്ടിഐ സ്റ്റെഡ് ഫാസ്റ്റും വിഴിഞ്ഞത്ത് വന്ന് ദൗത്യം പൂർത്തിയാക്കി മടങ്ങി.
കോവിഡ് മാനദണ്ഡം പാലിച്ച് ആരോഗ്യ വിഭാഗത്തിന്റെയും ,കസ്റ്റംസിന്റെയും, എമിഗ്രേഷന്റെയും പോർട്ടിന്റെയും അധികൃതരുടെ മാർഗ നിർദ്ദേശങ്ങളോടെ ഇറങ്ങിയ തൊഴിലാളികൾ എല്ലാവരും ക്വാറന്റൈനിൽ പ്രവേശിച്ചു.
ലോകമെമ്പാടും ചുറ്റിയടിക്കുന്ന ചരക്കുകപ്പലുകൾ തുടർച്ചയായി വന്നതോടെ അന്താരാഷ്ട്ര ക്രൂ ചേഞ്ചിംഗ് ആൻഡ് ബങ്കറിംഗ്പദവിയിലേക്ക് സർക്കാർ ഉയർത്തി.
ലോകം കൊറോണയുടെ പിടിയിലായി ലോക്ക് ഡൗണുകളും യാത്രാവിലക്കുകളും വിമാന സർവീസുകൾ വരെ നിർത്തലാക്കിയപ്പോഴും വിഴിഞ്ഞത്ത് കപ്പലടുത്തു.
കേരളത്തിലെ വൻകിട തുറമുഖങ്ങളെപ്പോലും പിന്തള്ളിയുള്ള വിഴിഞ്ഞത്തിന്റെ കുതിപ്പ് ഇനിയും തുടരുമെന്ന മാരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ. മാത്യൂവും വിഴിഞ്ഞം പോർട്ട് കൺസർവേറ്റർ കിരണും പർസർ ജോൺ ക്രിസ്റ്റഫറും പറഞ്ഞു.