തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിനു നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനങ്ങൾക്കെതിരേ ദിവ്യ .എസ്. അയ്യർ.
വെറുതെ ഒരു ഭാര്യ അല്ല’ എന്ന ക്യാപ്ഷനോട് കൂടിയാണ് ദിവ്യയുടെ പ്രതികരണം. പങ്കാളിയായ ശബരിനാഥനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ദിവ്യയുടെ പോസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ നടത്തിയ പ്രസംഗത്തിൽ ‘വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നു’എന്നാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ പറഞ്ഞത്.
എന്നാൽ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഒരിടത്തും ദിവ്യ പരാമർശിച്ചില്ല . അതാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന് ഉൾപ്പടെയുള്ള പ്രമുഖർ ഫേസ്ബുക് പേജിലൂടെ വിഴിഞ്ഞം തുറമുഖ എംഡി കൂടിയായ ദിവ്യ .എസ്. അയ്യർക്കെതിരേ വിമർശനം നടത്തി.
ഇതിനു പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. നിരവധി ആളുകളാണ് ദിവ്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. നേരോടെ നിർഭയം സധൈര്യം ഇനിയും മുന്നോട്ട് സഞ്ചരിക്കൂ എന്നാണ് മിക്ക കമന്റുകളും.